മുഖ്യമന്ത്രിക്കസേരയിൽ പത്താം വർഷത്തിലേക്ക് പിണറായി

മുൻ​ സർക്കാരുകൾ മടിച്ചു​ നിന്നതോ പാതി​ മനസോടെ സമീപിച്ചതോ ആയ പല ​പദ്ധതികളും യാഥാർഥ്യമാക്കുന്നതിൽ അസാമാന്യ ഇച്ഛാശക്തി പിണറായി വിജയൻ പ്രകടിപ്പിച്ചു.
cm Pinarayi enters 10th year as Chief Minister

മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകൾ നേരാനെത്തിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഉപഹാരമായി നിലവിളക്ക് സമ്മാനിക്കുന്നു

Updated on

##എം.ബി.​ സന്തോഷ്

തിരുവനന്തപുരം:​ മുഖ്യമന്ത്രി​ കസേരയിൽ പിണറായി വിജയൻ ഇന്ന് 9 വർഷം പൂർത്തിയാക്കുന്നു.​ ഒരു ഭരണാധികാരി എങ്ങനെ നാടിന്‍റെ ക്യാപ്റ്റനും ക്രൈസിസ് മാനെ​ജരുമാവുന്നു​ എന്ന് കൊവിഡും ഓഖിയും പ്രളയവും ഉൾപ്പെടെ സമാനതകളില്ലാത്ത പ്രതിസന്ധിഘട്ടങ്ങളിൽ കേരളം കണ്ടു. തുടർച്ചയായി 2 സർക്കാരുകളെ നയിക്കാനുള്ള അപൂർവ അവസരം ലഭിച്ച പിണറായി മൂന്നാം തുടർ ഭരണത്തിന് നേതൃത്വം നൽകുമോ എന്നതിലാണ് ഇപ്പോഴത്തെ പ്രധാന ചർച്ച.​

എൽഡിഎഫിൽ പകരക്കാരനില്ലാത്ത നേതാവായി പിണറായി തലയെടുപ്പോടെ നിൽക്കുമ്പോൾ എ​തി​ർ​പ​ക്ഷ​ത്ത് തലപ്പൊക്കമില്ലാത്ത നേതാക്കൾ തമ്മിൽ കിട്ടുമോ എന്നൊരുറപ്പുമില്ലാത്ത മുഖ്യമന്ത്രി​ കസേരയ്ക്കു​ വേണ്ടി തമ്മിൽത്ത​ല്ലുന്ന കാഴ്ചയാണ്.

വികസന​ പ്രവർത്തനങ്ങളിലൂടെ കേരളത്തെ പുരോഗതിയിലേക്ക് നയിക്കുന്ന ഭരണാധികാരിഎന്ന​ നിലയിലാണ് മലയാളികൾ പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയെ വിലയിരുത്തുന്നത്.​ മുൻ​ സർക്കാരുകൾ മടിച്ചു​ നിന്നതോ പാതി​ മനസോടെ സമീപിച്ചതോ ആയ പല ​പദ്ധതികളും യാഥാർഥ്യമാക്കുന്നതിൽ അസാമാന്യ ഇച്ഛാശക്തി പിണറായി വിജയൻ പ്രകടിപ്പിച്ചു.

ദേശീയപാത 66 വികസനത്തിനു ഭൂമി ഏറ്റെടുക്കാൻ പണം നൽകേണ്ടി വന്ന ഏക സംസ്ഥാനം കേരളമാണ്. കഴിഞ്ഞ യുഡിഎഫ് സർക്കാർ ചെയ്യേണ്ടത് ചെയ്യാത്തത് കാരണം ഖജനാവിൽ നിന്ന് ചെലവഴിക്കേണ്ടി വന്നത് 6,000 കോടിയോളം രൂപയാണ്. ആ പണം തുടർന്ന് അധികാരത്തിലേറി‍യ പിണറാ‍യി സർക്കാർ മുടക്കിയതു കൊണ്ടു മാത്രമാണ് ദേശീയപാത വികസനം യാഥാർഥ്യമായത്. കിഫ്ബിയിൽ നിന്നെടുത്ത ഈ പണം കേന്ദ്രം കടമെടുപ്പ് പദ്ധതിയിൽ പെടുത്തിയപ്പോൾ ഫലത്തിൽ സംസ്ഥാനത്തിന് ബാധ്യതയായത് 12,000 കോടി രൂപയാണ്.

യുഡിഎഫ് സർക്കാർ ഉപേക്ഷിച്ച ഗെയിൽ പൈപ്പ് ലൈൻ പദ്ധതി, ഇടമൺ- കൊച്ചി പവർ ഹൈവേ, പുതുവൈപ്പിന്‍ എല്‍പിജി ടെര്‍മിനല്‍ എന്നിവ യാഥാർഥ്യമായതിനു പിന്നിലും സർക്കാരിന്‍റെയും അതിനെ നയിച്ച മുഖ്യമന്ത്രിയുടെയും കാഴ്ചപ്പാടിന് കൈയടിക്കേണ്ടിവരും.​ യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് കല്ലിട്ട വിഴിഞ്ഞം പദ്ധതി ഇപ്പോഴത്തെ വികസനക്കുതിപ്പിലേക്ക് എത്തിച്ചതിനു പിന്നിലും മുഖ്യമന്ത്രിയുടെ ഇടപെടലുകളുണ്ട്.

ഇതിനർഥം സർക്കാർ സമ്പൂർണ വിജയം മാത്രമാണ് എന്നല്ല.​ പൊലീസിന്‍റെ പല നടപടികളും ജനങ്ങളെ സർക്കാരിന് എതിരാക്കി.​ ജനങ്ങളെ ആട്ടിയോടിക്കുന്ന മുഖ്യമന്ത്രിയുടെ സുരക്ഷാ സന്നാഹവും വലിയ​ തോതിൽ വിമർശിക്കപ്പെട്ടു. വന്യമൃഗ ആക്രമണം തടയുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ വനം വകുപ്പ് പൂർണപരാജയമായി.

പിണറായിയെപ്പോലെ അപനിർമിക്കപ്പെട്ട ഒരു വ്യക്തിയും കേരള രാ​ഷ്‌​ട്രീയത്തിലില്ല. മാധ്യമങ്ങൾ ഏറ്റവും കൂടുതൽ വളഞ്ഞിട്ട് ആക്രമിച്ചിട്ടും അത് കൂസാതെ ചെയ്യേണ്ടത് ചെയ്യുന്നതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടായില്ല. സ്വർണക്കടത്ത് ഉൾപ്പെടെ കേരളത്തിൽ ഏറ്റവും രൂക്ഷമായ ആരോപണത്തിനിരയായ മുഖ്യമന്ത്രിയാണെങ്കിലും അതിലൊന്നു​ പോലും ഇതുവരെയും തെളിയിക്കപ്പെട്ടില്ല. കേന്ദ്ര ഏജൻസികൾ വല്ലാതെ കുരുക്കു ​മുറുക്കുമെന്ന പ്രതീതിയുണർത്തിയ കഴിഞ്ഞ തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പു കാലത്താണ് സംസ്ഥാനത്ത് മികച്ച വിജയം എൽഡിഎഫിന് സമ്മാനിച്ചതെന്നതും മറക്കാനാവില്ല.

വ്യക്തിപരമായി പിണറായി കാട്ടുന്ന സ്നേഹം ഉമ്മൻചാണ്ടി മുതൽ ഉമ തോമസ് വരെയുള്ളവർ തുറന്നുപറഞ്ഞിട്ടുണ്ട്.പിതാവ് രോഗാവസ്ഥയിലായപ്പോൾ, മുഖ്യമന്ത്രി കാണിച്ച ശ്രദ്ധയും കരുതലും ഏറെയായിരുന്നുവെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ പലതവണ ചൂണ്ടിക്കാട്ടി. എം.​പി. വീരേന്ദ്രകുമാറിന്‍റെ ആരോഗ്യം മോശമായഘട്ടത്തിൽ നേരിട്ടും ഫോൺ​ വഴിയും അദ്ദേഹം കാര്യങ്ങൾ തിരക്കിയത് മ​ക​ൻ എം.​വി. ശ്രേയാംസ് കുമാർ രേഖപ്പെടുത്തി. കഥാകൃത്ത് ടി. പത്മനാഭൻ വർഷങ്ങൾക്കു ​മുൻപ്‌ അസുഖബാധിതനായി ആശുപത്രിയിലായപ്പോൾ സഹായത്തിന് വിശ്വസ്തനായ ഒരാളെ മാസങ്ങളോളം പിണറായി അവിടെ നിയോഗിച്ചിരുന്നു. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന കോടിയേരി ബാലകൃഷ്ണന്‍റെ ചികിത്സാ കാര്യത്തിലും സമാനമായിരുന്നു അനുഭവം.

ജനകീയ​ എംഎൽഎ എന്ന പേരെടുത്ത എ. പ്രദീപ് കുമാർ മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രൈവറ്റ് സെക്രട്ടറിയായി പത്താം വർഷത്തിലേക്ക് കടക്കുന്ന സർക്കാരിനും മുഖ്യമന്ത്രിക്കും തുണയായി എത്തിയിട്ടുണ്ട്. ഒരു കാലത്ത് പിണറായിയുടെ ഏറ്റവും വലിയ വിമർശകനായിരുന്നു അദ്ദേഹം. മികവ് ലക്ഷ്യമിടുമ്പോൾ അതിനു​ കഴിയുന്ന ആൾ​ തന്നെ ഒപ്പം വേണമെന്ന മുഖ്യമന്ത്രിയുടെ നിർബന്ധമാണ് ഈ നിയമനത്തിന് പിന്നിലെന്നാണ് വിശദീകരണം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com