പൗരത്വ നിയമം: കോണ്‍ഗ്രസിനോട് മുഖ്യമന്ത്രിയുടെ 12 ചോദ്യങ്ങള്‍

മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ്
cm Pinarayi Vijayan 12 questions  on CAA to Congress
cm Pinarayi Vijayan 12 questions on CAA to Congress

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിനടപ്പാക്കുന്നതിൽ കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വം ഔദ്യോഗികമായി ഇതുവരെ പ്രതികരിക്കാത്തതെന്തുകൊണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എഐസിസി പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടിയതെന്തിനെന്നും അദ്ദേഹം ആരാഞ്ഞു.

മുഖ്യമന്ത്രി കോൺഗ്രസ് നേതൃത്വത്തോട് ഉന്ന‍യിച്ച മറ്റ് ചോദ്യങ്ങൾ:

* ഭാരത്‌ ജോഡോ ന്യായ് യാത്രയിൽ പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് മൗനം പാലിക്കുന്നതെന്തുകൊണ്ട്?

* ഇന്ത്യയിൽ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രക്ഷോഭം ആളിപ്പടർന്ന 2019 ഡിസംബറിൽ രാഹുൽ ഗാന്ധി എവിടെയായിരുന്നു?

* ബിൽ അവതരിപ്പിച്ചപ്പോഴും തൊട്ടു പിന്നാലെയും അദ്ദേഹം പാർലമെന്റിൽ ഹാജരായി നിലപാട് പറയാതിരുന്നത് എന്തുകൊണ്ടാണ്?

* പൗരത്വ ഭേദഗതി വിഷയത്തിൽ ബിജെപി സർക്കാരിനെതിരെ വിശാലമായ ഐക്യം രൂപപ്പെടുത്താൻ രാജ്യത്തെ മുഖ്യ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ് എന്തുകൊണ്ട് മുൻകൈയെടുത്തില്ല?

* കേരളത്തിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ യോജിച്ച സമരങ്ങളിൽ നിന്നും കോൺഗ്രസ്സ് ഏകപക്ഷീയമായി പിന്മാറിയത് സമരത്തിന്‍റെ കരുത്ത് കുറയ്ക്കാനായിരുന്നില്ലേ?

* യോജിച്ച സമരങ്ങളിൽ പങ്കെടുത്ത കേരളത്തിലെ പ്രാദേശിക കോൺഗ്രസ് നേതാക്കൾക്കെതിരേ അച്ചടക്കവാൾ ഓങ്ങിയത് ആരെ പ്രീതിപ്പെടുത്താനായിരുന്നു?

* ഡൽഹി കലാപസമയത്ത് ഇരകൾക്കൊപ്പം നിന്നത് ഇടതുപക്ഷമായിരുന്നില്ലേ?

* സംഘപരിവാർ ക്രിമിനലുകൾ ന്യൂനപക്ഷ വേട്ട നടത്തിയ ആ ഘട്ടത്തിൽ കോൺഗ്രസ് മൗനത്തിലായിരുന്നില്ലേ?

* എൻഐഎ ഭേദഗതി ബിൽ പാർലമെന്‍റിൽ പാസാക്കിയത് കോൺഗ്രസും ബിജെപിയും ഒരുമിച്ചായിരുന്നില്ലേ?

* ന്യൂനപക്ഷ സമൂഹങ്ങളെ ലക്ഷ്യമിടുന്ന ഈ നിയമ ഭേദഗതിക്കെതിരേ ലോകസഭയിൽ കേരളത്തിൽ നിന്നും വോട്ടു ചെയ്തത് സിപിഎം എംപി മാത്രമാണ് എന്നത് നിഷേധിക്കാനാകുമോ?

മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമെന്ന് പ്രതിപക്ഷ നേതാവ്

മുഖ്യമന്ത്രിസ്ഥാനത്ത് ഇരുന്ന് നട്ടാല്‍ കുരുക്കാത്ത നുണയാണ് പിണറായി വിജയന്‍ പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പാര്‍ലമെന്‍റില്‍ അതിശക്തമായാണ് കേരളത്തിലേത് ഉള്‍പ്പെടെയുള്ള കേണ്‍ഗ്രസ് എംപിമാര്‍ പൗരത്വ നിയമ ഭേദഗതി ബില്ലിനെ എതിര്‍ത്തത്. ഇതു സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ലഭ്യവുമാണ്.

ബില്‍ അവതരിപ്പിച്ചപ്പോള്‍ ശശി തരൂര്‍ എംപിയാണ് നിയമപരമായ തടസവാദങ്ങള്‍ ഉന്നയിച്ചതും ചര്‍ച്ച നയിച്ചതും. ഇ.ടി. മുഹമ്മദ് ബഷീര്‍ എംപിയും ചര്‍ച്ചയില്‍ പങ്കെടുത്തു. ശശി തരൂരിന്‍റെ പ്രസംഗം ചെയറില്‍ ഉണ്ടായിരുന്ന മീനാക്ഷി ലേഖി തടസപ്പെടുത്തുകയും ചെയ്തു. കപില്‍ സിബലും വിശദമായി പ്രസംഗിച്ചു. ശശി തരൂരും മുഹമ്മദ് ബഷീറും നടത്തിയ പ്രസംഗങ്ങളുടെ ലിങ്ക് മുഖ്യമന്ത്രിക്ക് അയച്ചു തരാം.

സിഎഎയ്‌ക്കെതിരായ രാഹുല്‍ ഗാന്ധിയുടെ നിലപാട് ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 12 സംസ്ഥാനങ്ങളില്‍ 16 കേസുകളാണ് രാഹുല്‍ ഗാന്ധിക്കെതിരേ സംഘപരിവാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഏത് സിപിഎം നേതാവാണ് ആര്‍എസ്എസുമായി ഏറ്റുമുട്ടുന്നതെന്നും സതീശൻ ചോദിച്ചു.

സിഎഎ പ്രക്ഷോഭത്തിനെതിരായ കേസുകളൊക്കെ ഇല്ലാതായെന്ന് മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണ്. 2019 ല്‍ 835 കേസുകളാണ് എടുത്തത്. ഇതില്‍ 63 കേസുകള്‍ പിന്‍വലിക്കാന്‍ എന്‍ഒസി നല്‍കിയിട്ടുണ്ടെന്നാണ് 5 മാസം മുന്‍പ് എ.പി. അനില്‍കുമാറിന്‍റെ ചോദ്യത്തിന് മുഖ്യമന്ത്രി നിയമസഭയില്‍ മറുപടി നല്‍കിയത്. 573 കേസില്‍ ചാര്‍ജ് ഷീറ്റ് സമര്‍പ്പിച്ചെന്ന് എല്‍ഡിഎഫ് അംഗത്തിനും മറുപടി നല്‍കിയിട്ടുണ്ട്. എന്നിട്ടാണ് കേസുകള്‍ ഇല്ലാതായെന്ന് പറയുന്നത്. പലരും ലക്ഷക്കണക്കിന് രൂപയാണ് ഫൈന്‍ അടച്ചത്. ആക്രമണ സ്വഭാവമുള്ളത് ഒഴികെ 733 കേസുകളും പിന്‍വലിക്കുമെന്ന് പറഞ്ഞിട്ട് 63 കേസുകള്‍ മാത്രം പിന്‍വലിച്ച് ബിജെപിക്ക് കൂട്ടുനിന്ന ആളാണ് പിണറായി വിജയന്‍.

സിപിഎമ്മിന് കിട്ടിയ ഒരു സീറ്റ് ഇത്തവണ നഷ്ടപ്പെടുമെന്ന ഉറപ്പായതിനാലാണ് പിണറായി വിജയന്‍ കെ.സി. വേണുഗോപാലിനെ വിമര്‍ശിക്കുന്നത്. കോൺഗ്രസിൽ ആരൊക്കെ മത്സരിക്കണമെന്ന് തീരുമാനിക്കുന്നത് എകെജി സെന്‍ററിലല്ല.

രാഹുല്‍ ഗാന്ധിയെ ബിജെപി വിരോധം പഠിപ്പിക്കാനാണ് സംഘപരിവാറുമായി ഒത്തുതീര്‍പ്പിലെത്തിയ പിണറായി വിജയന്‍ ശ്രമിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തല്ലിപ്പൊളിക്കാന്‍ ആളെ വിട്ടതും ബിജെപിയെ സന്തോഷിപ്പിക്കാനാണ്. ബിജെപി നേതാക്കളെ സുഖിപ്പിച്ച് കേസുകളില്‍ നിന്നും തലയൂരാനാണ് പിണറായി വിജയന്‍ കോണ്‍ഗ്രസ് വിരുദ്ധത പറയുന്നത്. ജനങ്ങള്‍ കഷ്ടപ്പെടുമ്പോഴാണ് മുഖ്യമന്ത്രി പച്ചക്കള്ളം പറയുന്നത്. ഇഷ്ടമില്ലാത്ത ചോദ്യങ്ങള്‍ ചോദിച്ചാല്‍ ചെവിട് കേള്‍ക്കില്ലേ എന്ന് ചോദിക്കുന്ന മുഖ്യമന്ത്രിയാണിത്. അസഹിഷ്ണുതയുടെ പര്യായമാണ് മുഖ്യമന്ത്രി. സംസ്ഥാനത്ത് സിഎഎ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പറയുന്നത് ജനങ്ങളെ കബളിപ്പിക്കലാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com