''ഗവർണർക്ക് നയപ്രഖ്യാപന പ്രസംഗം വായിക്കാൻ സമയമില്ലെങ്കിലും ഒന്നരമണിക്കൂർ റോഡിൽ കുത്തിയിരിക്കാൻ സമയമുണ്ട്''; വിമർശനവുമായി മുഖ്യമന്ത്രി

സ്റ്റേറ്റിൻ്റെ തലവന് ഏറ്റവും വലിയ സുരക്ഷയാണ് നൽകിയിരിക്കുന്നത്. സമാധാനത്തിന്റെ തലവൻ എന്ന രീതിയിൽ ഏറ്റവും കൂടുതൽ സുരക്ഷ കൊടുക്കുന്നത് ഗവർണർക്കാണ്
Pinarayi Vijayan
Pinarayi Vijayanfile

തിരുവനന്തപുരം: ഗവർണർക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർക്ക് നയപ്രഖ്യാപന പ്രസംഗം വായിക്കാൻ സമയമില്ലെന്നും, ഒന്നരമണിക്കൂർ റോഡിൽ കുത്തിയിരിക്കാൻ സമയമുണ്ടെന്നും മുഖ്യമന്ത്രി വിമർശിച്ചു. ഗവർണർക്ക് എന്താണ് സംഭവിച്ചതെന്നത് തനിക്ക് പറയാൻ കഴിയുന്ന കാര്യമല്ല. പ്രത്യേക നിലപാടാണ് അദ്ദേഹം സ്വീകരിക്കുന്നത്. അധികാര സ്ഥാനത്തിരിക്കുന്നവർക്ക് എതിരെ വ്യത്യസ്തമായ പ്രതിഷേധ സ്വരങ്ങൾ ഉയരാം.

മുഖ്യമന്ത്രി പോകുമ്പോൾ വിവിധ രീതികളിലുള്ള പ്രതിഷേധങ്ങൾ ഉണ്ടായിട്ടില്ലേ. പ്രതിഷേധം ഉയരയുമ്പോൾ പ്രതിഷേധക്കാർക്കെതിരെ പൊലീസ് എന്ത് നടപടി എടുക്കുന്നു എന്ന് ഇറങ്ങി നോക്കുന്ന അധികാരിയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടോ. ഗവർണർ എന്തിനാണ് അങ്ങനെ പെരുമാറുന്നത്. സുരക്ഷ നിർദ്ദേശങ്ങളുടെ ലംഘനമാണിത്.

ജനാധിപത്യ നിലപാടുകൾക്ക് വിരുദ്ധമായാണ് ഗവർണർ പെരുമാറുന്നത്. അതിന്റെ പേരിൽ അദ്ദേഹം തന്നെ പറയുന്നതൊന്നും കാര്യമാക്കുന്നില്ല. കോഴിക്കോട് പൊലീസ് കൂടെ വരേണ്ട എന്ന് പറഞ്ഞത് ഗവർണറാണ്. അങ്ങനെയുള്ള നിലപാടുകളുടെ അർത്ഥം എന്താണ്. സുരക്ഷ സി.ആർപിഎഫിന് കൈമാറിയത് വിചിത്രമായ കാര്യമാണ്. സ്റ്റേറ്റിൻ്റെ തലവന് ഏറ്റവും വലിയ സുരക്ഷയാണ് നൽകിയിരിക്കുന്നത്. സമാധാനത്തിന്റെ തലവൻ എന്ന രീതിയിൽ ഏറ്റവും കൂടുതൽ സുരക്ഷ കൊടുക്കുന്നത് ഗവർണർക്കാണ്. അത് വേണ്ടെന്നാണ് ഗവർണർ പറയുന്നത്.

സിആർപിഎഫ് സുരക്ഷ നൽകിയിട്ടുള്ളവരുടെ പേരുകൾ മുഖ്യമന്ത്രി വായിച്ചു കേൾപ്പിച്ചു. ആർഎസ്എസ് പട്ടികയിലാണ് ഇപ്പോൾ ഗവർണർ. ആർഎസ്എസുകാർക്ക് കേന്ദ്രഗവൺമെൻറ് ഒരുക്കിയ സുരക്ഷയുടെ കൂടിൽ ഒതുങ്ങാൻ തയ്യാറായി. ആർഎസ്എസ് പ്രവർത്തകരുടെ കൂടിൽ ഒതുങ്ങാനാണ് ഗവർണറുടെ ശ്രമം. എന്താണ് സിആർപിഎഫ് നേരിട്ടു കേരളം ഭരിക്കുമോ. നാട്ടിൽ എഴുതപ്പെട്ട നിയമവ്യവസ്ഥകൾ ഉണ്ട്. അതിൽ നിന്നും വിരുദ്ധമായി ഗവർണർക്കു പ്രവർത്തിക്കാൻ കഴിയില്ല. ഏത് അധികാര സ്ഥാനവും വലുതല്ല. ജനാധിപത്യ മര്യാദ, പക്വത, വിവേകം എന്നിവ കാണിക്കണം. ഇതിൽ ചിലതിനു കുറവുണ്ടോ എന്ന് ഗവർണർ പരിശോധിക്കണം. എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടോ എന്ന് അദ്ദേഹം പരിശോധിക്കണം. പ്രതിഷേധക്കാർ ബാനർ കെട്ടുമ്പോൾ ഉന്നത സ്ഥാനത്തിരിക്കുന്നവർ തെരുവിൽ ഇറങ്ങി അഴിക്കാൻ പറയുന്നത് ഏതു കാലത്താണ് കണ്ടിട്ടുള്ളത്.

തനിക്കെതിരെ പ്രതിഷേധിക്കുന്ന എസ്.എഫ്.ഐ നേതാക്കൾ തെമ്മാടികളാണെന്നും അവർക്ക് മറുപടിയില്ലെന്നും ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു. ഇത്രയും പേരെ നിയന്ത്രിക്കാൻ പൊലീസിനായല്ലോ രാജ്യത്തെ ഏറ്റവും നല്ല പൊലീസിൽ ഒന്നാണ് കേരള പൊലീസ്. എന്നാൽ എന്ത് കൊണ്ട് അവരെ പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല. പ്രവർത്തിക്കാൻ അനുവദിക്കാത്തത് രാഷ്ട്രീയ നേതൃത്വമാണ്. തന്റെ വാഹനത്തിൽ അടിക്കുന്നെങ്കിൽ തന്നെയും അടിച്ചോട്ടെയെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് 72 വയസുണ്ട്. താൻ ആരെയും പേടിക്കില്ല. താൻ സുരക്ഷക്ക് കേന്ദ്രസേനയെ ആവശ്യപ്പെട്ടിട്ടില്ല. കേന്ദ്ര സർക്കാരിൻ്റെ സ്വന്തം തീരുമാനമാണത്. 23 പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ എന്തുകൊണ്ട് പോലീസിനായില്ല. മുഖ്യമന്ത്രിയാണെങ്കിൽ ഈ സുരക്ഷയാണോ നൽകുക.ഗവർണറെ വഴിതടയുമ്പോൾ പൊലീസ് നോക്കിനിൽക്കുകയാണെന്നും ഗവർണറെ അപായപ്പെടുത്താൻ ഗൂഢാലോചന നടക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ പ്രതികരിച്ചു. അഴിമതിക്ക് കൂട്ടുനിൽക്കത്ത ഗവർണറെ അപായപ്പെടുത്താൻ ശ്രമം തുടരുകയാണ്. കേരള പൊലീസിനെ ആശ്രയിച്ച് നിൽക്കേണ്ട ആവശ്യം ഗവർണർക്കില്ല. കേന്ദ്രസേന അദ്ദേഹത്തിന് സുരക്ഷ ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com