
കേരള സ്റ്റോറിക്ക് ചലച്ചിത്ര പുരസ്കാരം: കടുത്ത വിമർശനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: കേരള സ്റ്റോറിക്ക് ദേശീയ ചലച്ചിത്ര പുരസ്കാരം നൽകിയതിൽ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യൻ സിനിമയുടെ മഹത്തായ സാംസ്കാരിക പൈതൃകമാണ് ഇതിലൂടെ അപമാനിക്കപ്പെടുന്നതെന്നും കേരള സ്റ്റോറിക്ക് പുരസ്കാരം നൽകിയത് ഖേദകരമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് സിനിമ കോൺക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള സമൂഹത്തെ അപകടത്തിൽപെടുത്തുന്ന ഒരു ചലച്ചിത്രവും പുരസ്കാരങ്ങൾക്ക് അർഹമല്ല. ഒരു തരത്തിലും കലയ്ക്കുള്ള അംഗീകാരമായി ഇതിനെ കണക്കാക്കാൻ കഴിയില്ല. രാജ്യത്തിന്‍റെ മതനിരപേക്ഷത തകർത്ത് അതിന് പകരം വർഗീയത സ്ഥാപിക്കാനും ചലച്ചിത്ര മേഖലയുടെ മഹത്വത്തെ ഇടിച്ചു തകർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സാംസ്‌കാരിക ദുഷിപ്പിനുള്ള അംഗീകാരമായി മാത്രമേ അതിനെ കാണാൻ കഴിയൂ. കേരളത്തിന്‍റെ മതനിരപേക്ഷ പാരമ്പര്യത്തെ അപമാനിക്കുന്നതും, കേരളത്തെ ലോകസമക്ഷം അപകീർത്തിപ്പെടുത്തി അവതരിപ്പിക്കുന്നതുമായ ഒരു ചലച്ചിത്രമാണ് അംഗീകരിക്കപ്പെട്ടത്. ഇത് തീർത്തും ദൗർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, നിയന്ത്രണമില്ലാത്ത രീതിയിൽ വയലൻസും രാസ ലഹരി ഉപയോഗം മഹത്വവൽക്കരിക്കുന്ന തരത്തിലുള്ള ചിത്രങ്ങൾ കൂടിവരുന്നതായി കരുതുന്നവരുണ്ട്. ചലച്ചിത്ര സംവിധായകർ ഇക്കാര്യം ശ്രദ്ധിക്കണം. മലയാളത്തിന്‍റെ വിഗതകുമാരനും ബാലനും സാമൂഹ്യ പ്രസക്തമായ പ്രമേയങ്ങൾ സിനിമയാക്കി. ഇത്തരത്തിൽ മലയാള സിനിമയും കാലത്തിനൊത്ത് നവീകരിക്കേണ്ടത് അനിവാര്യമാണ്. അതിനുള്ള ചുവടുവയ്പ്പാണ് ഈ സിനിമ കോൺക്ലേവെന്ന് അദ്ദേഹം പറഞ്ഞു.