

file image
കൊച്ചി: നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കാനുള്ള യോഗത്തിൽ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ. യോഗത്തിലേക്ക് മില്ലുടമകളെ ക്ഷണിക്കാത്തിരുന്നതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ എറണാകുളം ഗസ്റ്റ് ഹൗസിൽ നടന്ന യോഗം അതിവേഗം അവസാനിപ്പിച്ചു. വിഷയം ചർച്ച ചെയ്യാൻ ബുധനാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ ഓഫിസിൽ വീണ്ടും യോഗം ചേരും. മില്ലുടമകളുടെ പ്രതിനിധികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
യോഗം ആരംഭിച്ചപ്പോൾ തന്നെ മില്ലുടമകളെ യോഗത്തിലേക്ക് ക്ഷണിച്ചില്ലെയെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഇല്ലെന്നും മന്ത്രിതലത്തിൽ തീരുമാനമെടുത്ത ശേഷം മില്ലുടമകളെ അറിയിക്കാമെന്നുമാണ് മന്ത്രി ജി.ആർ. അനിൽ മുഖ്യമന്ത്രിയെ ധരിപ്പിക്കുകയായിരുന്നു. മുൻപ് ധനമന്ത്രി കെ.എൻ. ബാലഗോപാലും താനും നേരത്തെ മില്ലുടമകളുമായി ചർച്ച നടത്തിയതായും അദ്ദേഹം വിശദീകരിച്ചു.
എന്നാൽ വിഷയത്തിൽ മില്ലുടമകളില്ലാതെ കൂടിയാലോചനകൾ നടത്തിയാൽ എങ്ങനെയാണ് പ്രശ്നപരിഹാരമുണ്ടാവുക എന്ന് മുഖ്യമന്ത്രി ചോദിച്ചു. മില്ലുടമകളുടെ ഭാഗം കൂടി കേട്ട ശേഷം പരിഹാരം കാണാമെന്ന് പറഞ്ഞ മുഖ്യമന്ത്രി ബുധനാഴ്ച യോഗം ചേരാമെന്ന് തീരുമാനിച്ച് യോഗം അവസാനിപ്പിക്കുകയായിരുന്നെന്നാണ് വിവരം.