"അമ്മാതിരി കമന്‍റൊന്നും വേണ്ട"; മുഖാമുഖം പരിപാടി അവതാരകയോട് ക്ഷുഭിതനായി മുഖ്യമന്ത്രി

പ്രസംഗത്തിനു ശേഷം മടങ്ങാനൊരുങ്ങിയ മുഖ്യമന്ത്രി, അവതാരകയുടെ നന്ദി വാക്കുകൾ കേട്ട് തിരിഞ്ഞുനിന്ന് ക്ഷുഭിതനാകുകയായിരുന്നു.
cm pinarayi vijayan got angry with presenter
cm pinarayi vijayan got angry with presenter

തിരുവനന്തപുരം: സര്‍ക്കാര്‍ പരിപാടിക്കിടെ അവതാരകയോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ വിവിധയിടങ്ങളിലായി നടന്നുവരുന്ന മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയുടെ ഭാഗമായി ന്യൂനപക്ഷ വകുപ്പ് സംഘടിപ്പിച്ച ‘ഇൻസാഫി’ന്‍റെ ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. "ഉദ്ഘാടനം നിര്‍വഹിച്ചതായി അറിയിച്ചുകൊണ്ട് അവസാനിപ്പിക്കുന്നു. നിങ്ങള്‍ക്ക് എന്‍റെ സ്നേഹാഭിവാദനം" എന്ന് പറഞ്ഞാണ് മുഖ്യമന്ത്രി തന്‍റെ പ്രസംഗം അവസാനിപ്പിച്ചത്. ഇതിനു പിന്നാലെ "നന്ദി സർ, വളരെ നല്ലൊരു ഉദ്ഘാടന പ്രസംഗം കാഴ്ചവച്ചതിന്" എന്ന് അവതാരക മൈക്കിലൂടെ അനൗൺസ് ചെയ്തു.

എന്നാൽ പ്രസംഗത്തിനു ശേഷം മടങ്ങാനൊരുങ്ങിയ മുഖ്യമന്ത്രി, അവതാരകയുടെ നന്ദി വാക്കുകൾ കേട്ട് തിരിഞ്ഞുനിന്ന് ക്ഷുഭിതനാകുകയായിരുന്നു. "അമ്മാതിരി കമന്‍റൊന്നും വേണ്ട. നിങ്ങള്‍ ആളെ വിളിക്കുന്നെങ്കില്‍ ആളെ വിളിച്ചാല്‍ മതി" യെന്ന് മുഖ്യമന്ത്രി ക്ഷോഭത്തോടെ പറഞ്ഞു. മൈക്കിലൂടെ പറഞ്ഞത് വേദിയിലും സദസിലും ഉണ്ടായിരുന്നവര്‍ കേട്ടു. തുടർന്ന് വേദിയിലുള്ളവരെ നോക്കിയശേഷം മുഖ്യമന്ത്രി ഇരിപ്പിടത്തിലേക്ക് മടങ്ങിപ്പോകുകയായിരുന്നു.

മന്ത്രി വി. അബ്ദുറഹിമാൻ ഉൾപ്പെടെയുള്ളവരും ഈ സമയത്ത് വേദിയിലുണ്ടായിരുന്നു. മുന്‍പ് സാംസ്‌കാരിക മുഖാമുഖം പരിപാടിക്കിടെ ഗാനരചയിതാവ് ഷിബു ചക്രവര്‍ത്തിയോടും മുഖ്യമന്ത്രി ക്ഷുഭിതനായി പ്രതികരിച്ചിരുന്നു.രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ ആക്രമിക്കപ്പെടുന്നത് അടക്കമുള്ള വിഷയങ്ങളാണ് മുഖ്യമന്ത്രി പ്രസംഗത്തില്‍ പരാമര്‍ശിച്ചത്.

Trending

No stories found.

Latest News

No stories found.