

pinarayi Vijayan
തിരുവനന്തപുരം: ഒരു വിധത്തിലുള്ള ബാഹ്യഇടപെടലുകളുമില്ലാതെ നീതിയുക്തവും സുതാര്യവുമായി കുറ്റാന്വേഷണം നടത്താമെന്നുള്ളതാണ് സംസ്ഥാനത്തെ ക്രമസമാധാന നില ഭദ്രമായതിനു അടിസ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥർക്ക് അവർക്കു മുൻപാകെയുള്ള തെളിവുകളും വസ്തുതകളും വിലയിരുത്തി യുക്തമായ നടപടികൾ സ്വീകരിക്കുന്നതിന് യാതൊരു തടസവുമില്ല.
ഇത് നീതിന്യായ സംവിധാനങ്ങളുടെ അടക്കം പരാമർശവിധേയമായിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. പൊലീസിന്‍റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്‍റെ ഭാഗമായി വിവിധ ജില്ലകളിലെ പൊലീസ് മന്ദിരങ്ങളുടെ ഉദ്ഘാടനവും തറക്കല്ലിടലും റെയിൽ മൈത്രി മൊബൈൽ ആപ്ലിക്കേഷൻ ഉദ്‌ഘാടനവും തിരുവനന്തപുരം പൊലീസ് ട്രെയിനിങ് കോളെജിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഴയ പൊലീസ് സ്റ്റേഷൻ സങ്കൽപ്പങ്ങളിൽ നിന്ന് നമ്മൾ ഏറെ മുന്നോട്ടു പോയി കഴിഞ്ഞു. ഇപ്പോൾ നിർമിക്കുന്ന എല്ലാ സ്റ്റേഷനുകളും അനുബന്ധ പൊലീസ് മന്ദിരങ്ങളും സ്ത്രീ ശിശു സൗഹൃദവും ഭിന്ന ശേഷി സഹൃദവുമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. കേരള പൊലീസിന് ജനസഹൃദ മുഖം നൽകാൻ ഇത് ഏറെ ഉപകരിച്ചു. സേനയുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ കഴിഞ്ഞ പത്തുവർഷങ്ങളിൽ മികച്ച മുന്നേറ്റമാണ് കൈവരിക്കാൻ കഴിഞ്ഞിട്ടുള്ളതെന്നും മുഖ്യമന്ത്രി. വിവിധ ജില്ലകളിലായി നിർമാണം പൂർത്തിയാക്കിയ 13 പൊലീസ് മന്ദിരങ്ങളുടെ ഉദ്‌ഘാടനവും പത്തു മന്ദിരങ്ങളുടെ ശിലാസ്ഥാപനവുമാണ് മുഖ്യമന്ത്രി നിർവഹിച്ചത്.
മന്ത്രി വി.ശിവൻ കുട്ടി അധ്യക്ഷത വഹിച്ചു. പൊലീസ് ആസ്ഥാന എഡിജിപി എസ്. ശ്രീജിത്ത്, ഐജി ആർ.നിശാന്തിനി എന്നിവർ പങ്കെടുത്തു.