
file image
തിരുവനന്തപുരം: നിങ്ങള്‍ക്കു വേണ്ടത് എന്‍റെ രക്തമാണെന്നും അത് അത്ര വേഗം കിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കരിമണൽ കമ്പനി മാസപ്പടി കേസിൽ മകൾ വീണാ വിജയനുമായി ബന്ധപ്പെട്ട സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന്‍റെ (എസ്എഫ്‌ഐഒ) കുറ്റപത്രത്തെ ഗൗരവമായി കാണുന്നില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ചോദ്യത്തിനുത്തരമായി വ്യക്തമാക്കി. "കോടതിയിലുള്ള കേസ് കോടതിയില്‍ നേരിടും. മാധ്യമങ്ങളുടെ മുന്നിലല്ല വിചാരണ നടക്കേണ്ടത്'- മുഖ്യമന്ത്രി ചോദ്യത്തിനുത്തരമായി പറഞ്ഞു. "കേസല്ലേയെന്നും കോടതിയില്ലേയെന്നും, വരട്ടെ കാണാമെന്നുമായിരുന്നു മകളുടെ കേസിനെ സംബന്ധിച്ച ചോദ്യത്തിന് മുഖ്യമന്ത്രിയുടെ ആദ്യ പ്രതികരണം. കേസിനെപ്പറ്റി തനിക്ക് ബേജാറില്ലെന്നും അദ്ദേഹം പറഞ്ഞു.
"വീണയ്ക്കെതിരായ കേസിന്‍റെ ലക്ഷ്യം താനാണെന്ന് പാർട്ടി തിരിച്ചറിഞ്ഞതാണ്. സേവനത്തിന് നൽകിയ പണമെന്ന് മകളും കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടെയ്‌ൽസ് കമ്പനിയും (സിഎംആർഎൽ) പറഞ്ഞിട്ടുണ്ട്. സിഎംആർഎൽ നൽകിയ പണത്തിന്‍റെ ജിഎസ്‌ടിയും ആദായ നികുതിയും അടച്ചതിന്‍റെ രേഖകളുമുണ്ട്. ഈ കേസ് എവിടെ വരെ പോകുമെന്ന് നോക്കാം. ഈ കാര്യങ്ങളെല്ലാം പാർട്ടി തിരിച്ചറിഞ്ഞത് കൊണ്ടാണ് പാർട്ടി നേതൃത്വം ഈ നിലയിൽ പ്രതികരിക്കുന്നത്. '- മുഖ്യമന്ത്രി പറഞ്ഞു.
"കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനീഷിനെതിരായ കേസ് വന്നപ്പോൾ പാർട്ടി ഇടപെടാത്തതും വീണയുടെ കേസ് വന്നപ്പോൾ കൂട്ടത്തോടെ ന്യായീകരിക്കുന്നതും ഇരട്ട നീതിയല്ലേ' എന്ന ചോദ്യത്തിനുള്ള മുഖ്യമന്ത്രിയുടെ ഉത്തരം: "ബിനീഷിനെതിരേ കേസ് വന്നപ്പോൾ അതിൽ കോടിയേരി ബാലകൃഷ്ണനെതിരേ ആരോപണം ഉണ്ടായിരുന്നില്ല. എന്നാൽ ഇവിടെ എന്നെയാണ് ലക്ഷ്യമിടുന്നത്. മകളുടെ പേര് മാത്രമായി പരാമർശിക്കാതെ എന്‍റെ മകൾ എന്ന് അന്വേഷണ ഏജൻസികൾ കൃത്യമായി എഴുതിവച്ചത് എന്തുകൊണ്ടാണ്?'
"മാസപ്പടി കേസ്' എന്ന് ചോദ്യമുയർന്നപ്പോൾ മുഖ്യമന്ത്രിയുടെ മറുപടി: "നിങ്ങള്‍ക്ക് സാമാന്യ ബുദ്ധി എന്നത് ഇല്ല എന്നല്ലേ ഇത്തരം ചോദ്യങ്ങള്‍ നിരന്തരം ചോദിക്കുന്നതിന്‍റെ അർഥം. എന്‍റെ മകള്‍ നടത്തിയ സ്ഥാപനം നല്‍കിയ സേവനത്തിന് ലഭിച്ച പ്രതിഫലമല്ലേ അത്‍? കള്ളപ്പണമല്ല, ശരിയായ പണമാണത്. അതിന് ആദായ നികുതി അടക്കം നല്‍കിയതല്ലേ? കൃത്യമായ എല്ലാ നികുതിയും നല്‍കി. നിങ്ങളൊന്നും അതു കാണുന്നില്ല. നല്‍കിയ സേവനം ആണെന്ന് കമ്പനിയും മകളുടെ കമ്പനിയും പറയുന്നു. നിങ്ങള്‍ അത് മറച്ചുവയ്‌ക്കുകയാണ്. എന്‍റെ മകള്‍ എന്നതാണ് പ്രശ്‌നം. എന്‍റെ രാജിക്കായി നിങ്ങള്‍ മോഹിച്ചു നില്‍ക്കൂ'- അൽപം രോഷാകുലനായി മുഖ്യമന്ത്രി പറഞ്ഞു.
13 പ്രതികൾ; വീണാ വിജയന്‍ 11-ാം പ്രതി
മാസപ്പടി കേസിലെ എസ്എഫ്‌ഐഒ കുറ്റപത്രത്തില്‍ ആകെ 13 പ്രതികള്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്‍ 11ാം പ്രതി. കരിമണൽ കമ്പനിയായ സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയാണ് ഒന്നാം പ്രതി. എറണാകുളം ജില്ലാ കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള കുറ്റപത്രത്തിലെ വിശദാംശങ്ങളാണ് പുറത്ത് വന്നത്.
114 രേഖകളും 72 സാക്ഷികളും എസ്എഫ്‌ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേസ് പ്രത്യേക കോടതി ഈ ആഴ്ച തന്നെ നമ്പറിട്ട് പരിഗണിക്കും. അതേസമയം എന്‍ഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് വീണാ വിജയനെ ചോദ്യം ചെയ്യും. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കഴിഞ്ഞവര്‍ഷം മാര്‍ച്ചില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇഡി നടപടികള്‍ പുനരാരംഭിക്കുന്നത്.
എസ്എഫ്‌ഐഒ കുറ്റപത്രം സമര്‍പ്പിച്ച പശ്ചാത്തലത്തില്‍ അവരോട് രേഖകള്‍ ആവശ്യപ്പെട്ട് ഇഡി കത്ത് നല്‍കിയിരുന്നു. ഇതു പരിശോധിച്ച ശേഷം ചോദ്യം ചെയ്യുന്നതിനായി വീണാ വിജയന്‍ അടക്കമുള്ളവര്‍ക്ക് നോട്ടീസ് അയക്കാന്‍ ഇഡി തീരുമാനിച്ചിട്ടുണ്ട്.