

പിണറായി വിജയൻ
കൊച്ചി: പിഎം ശ്രീയിൽ ജോൺ ബ്രിട്ടാസിന്‍റെ ഇടപെടൽ പ്രശംസനീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എംപിമാരെല്ലാം സംസ്ഥാനത്തിന് അർഹതപ്പെട്ട കാര്യങ്ങൾ നേടിയെടുക്കാൻ ബാധ്യതപ്പെട്ടവരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന വിവേചനപൂർവമായ നടപടികളെ ഇവിടുത്തെ പ്രതിപക്ഷം കഴിഞ്ഞ ലോക്സഭയിൽ എതിർത്തിട്ടില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കൊച്ചി പ്രസ് ക്ലബിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
പൊലീസ് ഫലപ്രദമായ അന്വേഷമം നടത്തുന്നുണ്ട്. ഒളിവിലുള്ള രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്തുമെന്നാണ് പ്രതീക്ഷ. കോൺഗ്രസ് നടപടി മാതൃകാ പരമാണെന്ന് എങ്ങനെ പറയാനാവും. ചില കോൺഗ്രസ എംഎൽഎമാർ ഇത്തരം കുറ്റകൃത്യങ്ങൾക്ക് ജയിലിൽ കിടന്നിട്ടുണ്ട്. എന്നിട്ട് കോൺഗ്രസ് അവരെ പുറത്താക്കിയോ. രാഹുലിന്‍റെ കേസിൽ പുറത്തു വരുന്ന വിവരങ്ങൾ മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. ലൈംഗിക വൈകൃതക്കാരന്‍റെ പ്രവൃത്തികളാണ് പുറത്തുവന്നത്. രാഹുലിനെ സംരക്ഷിക്കാൻ ചില വെട്ടുകിളികൾ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരമൊരു പൊതു പ്രവർത്തകനെ ആരോപണങ്ങൾ വന്നപ്പോൾ തന്നെ പുറത്താക്കേണ്ടതായിരുന്നു. ഇതെല്ലാം നേതൃത്വം നേരത്തേ അറിഞ്ഞ ശേഷം ഭാവിയിലെ നിക്ഷേപമെന്ന് പറഞ്ഞ് അവതരിപ്പിക്കുകയാണോ ചെയ്യേണ്ടിയിരുന്നതെന്നും കോൺഗ്രസ് മഹത്തായ പാരമ്പര്യമുള്ള പാർട്ടിയല്ലെയെന്നും അദ്ദേഹം ചോദിച്ചു.
രാഹുലിനെ എതിർത്താൽ വെട്ടുക്കിളിക്കൂട്ടം പോലെ സൈബർ ആക്രമണം നടക്കുന്നുവെന്നും മുഖ്യമന്ത്രി രൂക്ഷഭാഷയിൽ ചൂണ്ടിക്കാട്ടി. കോൺഗ്രസ് നേതാക്കളിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രമുഖനായ നേതാവ് സംസാരിക്കുമ്പോഴാണ് പിന്നിൽ നിന്ന് അണികൾ ബഹളം വയ്ക്കുകയാണ്. എവിടെയെങ്കിലും നടക്കുന്ന കാര്യമാണോ ഇതെന്നും മുഖ്യമന്ത്രി ചോദിച്ചു.
ശബരിമല സ്വർണകൊള്ളയെക്കുറിച്ച് മുഖ്യമന്ത്രി പദവിയിലിരുന്ന് സംസാരിക്കുന്നത് ശരിയല്ല. വിഷയത്തിൽ ആര് തെറ്റുചെയ്താലും ശിക്ഷിക്കപ്പെടണം. ആരെയും സംരക്ഷിക്കുന്ന നടപടി പാർട്ടിയുടെ ഭാഗത്തു നിന്നും ഉണ്ടാവില്ല. സാധാരണഗതിയിൽ ചെയ്യാൻ പാടില്ലാത്ത കാര്യമാണ് ജയകുമാറിന് എതിരായ ബി. അശോകിന്‍റെ ഹർജി. ദേവസ്വം ബോർഡിന്‍റെ ചെയർമാൻ സ്ഥാനത്തു നിന്ന് ജയകുമാർ മാറിയത് സർക്കാർ നിർദേശ പ്രകാരമാണെന്നും അദ്ദേഹം പറഞ്ഞു.
'ജമാഅത്തെ ഇസ്‍ലാമിയുമായുള്ള യുഡിഎഫ് കൂട്ടുകെട്ട് ആത്മഹത്യപരമായ നടപടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നാലുവോട്ടിന് വേണ്ടിയുള്ള അവിശുദ്ധ കൂട്ടുകെട്ടാണ്. മറ്റ് മുസ്ലിം വിഭാഗത്തെ പോലെയല്ല പ്രവർത്തന രീതിയെന്നും അദ്ദേഹം പറഞ്ഞു.