

u pratibha | cm pinarayi vijayan
തിരുവനന്തപുരം: കായംകുളത്തെ എൽഡിഎഫ് സ്ഥാനാർഥി യു. പ്രതിഭയ്ക്കെതിരായ യുഎഫ് കൺവീനറുടെ സ്ത്രീവിരുദ്ധ പരാമർശത്തിൽ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുപ്രവർത്തകയായതിനാൽ ഒരു വനിതയെ ഹീനമായ വാക്കുകൾ കൊണ്ട് ആക്രമിക്കുന്നത് രാഷ്ട്രീയ സംസ്കാരത്തിന്‍റെ തകർച്ചയാണെന്നും അവൾക്കൊപ്പമെന്ന് ആവർത്തിച്ച് പറയുന്ന പ്രതിപക്ഷ നേതാവിന്‍റേയും യുഡിഎഫിന്‍റെും കാപട്യമാണ് പുറത്തു വരുന്നതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു, ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പിണറായിയുടെ വിമർശനം.
ഫെയ്സ് ബുക്ക് കുറിപ്പ് ഇങ്ങനെ...
കായംകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി സഖാവ് യു. പ്രതിഭയ്ക്കെതിരെ അവിടത്തെ യുഡിഎഫ് കൺവീനർ നടത്തിയ സ്ത്രീവിരുദ്ധവും അപമാനകരവുമായ പരാമർശങ്ങളെ ശക്തമായി അപലപിക്കുന്നു.
പൊതുപ്രവർത്തകയായതിനാൽ ഒരു വനിതയെ ഹീനമായ വാക്കുകൾ കൊണ്ട് ആക്രമിക്കുന്നത് രാഷ്ട്രീയ സംസ്കാരത്തിന്‍റെ തകർച്ചയാണ്. സഖാവ് പ്രതിഭ നടത്തിയ വികസന പ്രവർത്തനങ്ങളെയും ജനകീയ ഇടപെടലുകളെയും രാഷ്ട്രീയമായി നേരിടാൻ കഴിയാത്തതിനാലാണ് ഇത്തരത്തിലുള്ള വ്യക്തിഹത്യയിലേക്ക് വലതുപക്ഷം നീങ്ങുന്നത്.
“അവൾക്കൊപ്പം” എന്ന് ആവർത്തിച്ച് പറയുന്ന പ്രതിപക്ഷ നേതാവും യുഡിഎഫ് നേതാക്കളും, ഇത്തരം സ്ത്രീവിരുദ്ധ രീതികളോട് സ്വീകരിക്കുന്ന നേർവിപരീത സമീപനം അവരുടെ കാപട്യമാണ് തുറന്നുകാട്ടുന്നത്.
ഇത് ഒരാളെ മാത്രം ലക്ഷ്യമിട്ട ആക്രമണമല്ല; പൊതുരംഗത്ത് പ്രവർത്തിക്കുന്ന മുഴുവൻ സ്ത്രീകളോടുമുള്ള അധിക്ഷേപമാണ്. സ്ത്രീകളെ വ്യക്തിത്വമുള്ള മനുഷ്യരായി കാണാതെ അവരെ അവഹേളിക്കുന്ന ജീർണ്ണമായ രാഷ്ട്രീയ മനോഭാവമാണ് പുറത്തുവരുന്നത്.
നാടിന്റെ വികസനവും ജനങ്ങളുടെ പ്രശ്നങ്ങളും ചർച്ച ചെയ്യാതെ സ്ത്രീകളെ അപമാനിച്ച് വോട്ട് നേടാമെന്നത് യുഡിഎഫിന്റെ തെറ്റിദ്ധാരണയാണ്. സ്ത്രീകളുടെ അഭിമാനവും അവകാശങ്ങളും കാത്തുസൂക്ഷിക്കുന്ന ഇടതുപക്ഷ നിലപാടിനൊപ്പം കേരളം എപ്പോഴും നിലകൊണ്ടിട്ടുണ്ട്.
വാക്ചാതുര്യവും ശരീര അഴകും വില്‍പ്പനയ്ക്ക് വച്ചാണ് പ്രതിഭ തെരഞ്ഞെടുപ്പിനെ നേരിടുന്നത് എന്നായിരുന്നു കായംകുളം മണ്ഡലം യുഡിഎഫ് കൺവീനർ എ. ഇർഷാദിന്‍റെ പരാമർശം. പ്രതിഭ രാഷ്ട്രീയ അധികാരം ഉപയോഗിച്ച് എന്തും നടത്തുമെന്നും അതിന് ഉത്തമ ഉദാഹരണമാണ് മകൻ അകപ്പെട്ട കഞ്ചാവുകേസിൽ അവർ എടുത്ത നിലപാട് എന്നും അദ്ദേഹം വിമർശിച്ചിരുന്നു.