
തിരുവനന്തപുരം: കേരളീയം പരിപാടി പൂർണ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളീയം പരിപാടിയെ നാട് നെഞ്ചിലേറ്റിയെന്നും വരും വർഷങ്ങളിലും പരിപാടി സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ധൂർത്താണെന്ന് പറഞ്ഞവർ കേരളത്തിന്‍റെ വേദിയിൽ ഒളിഞ്ഞു നോക്കാനെത്തി. അവരൊക്കെ അത്ഭുതങ്ങൾ കണ്ടുകണ്ണു തള്ളിയെന്ന് അദ്ദേഹം പറഞ്ഞു.
കേരളീയം പരിപാടിക്കെതിരേ ഏതെങ്കിലും തരത്തിലുള്ള പ്രതികരണം ഉണ്ടായെങ്കില്‍ അതിന് കാരണം പരിപാടിയുടെ നെഗറ്റീവ് വശമല്ലെന്നും നാട് ഇത്തരത്തിൽ അവതരിപ്പിക്കപ്പെട്ടുകൂടായെന്നും ചിന്തയാണെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ നാടിനെ നാം ഉദ്ദേശിച്ച രീതിയിൽതന്നെ ദേശീയതലത്തിലും ലോകത്തിനു മുന്നിലും അവതരിപ്പിക്കാൻ കഴിഞ്ഞു. കേരളീയത്തിന് പുതുതലമുറയുടെ പങ്കാളിത്വം വലുതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയ, രാജ്യാന്തര ശ്രദ്ധ പിടിച്ചു പറ്റാൻ കേരളീയത്തിനായി, നാടിനെ പൂർണമായും അവതരിപ്പിക്കുന്ന പരിപാടി എന്ന നിലയിൽ ജനം നെഞ്ചിലേറ്റുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളീയത്തിന്‍റെ സമാപന വേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.