ആശമാരുടെ സമരം: ഇനിയൊരു ചർച്ചയില്ലെന്ന് മുഖ്യമന്ത്രി

സമരത്തോട് അസഹിഷ്ണുതയൊന്നുമില്ല
CM says no more discussion on Asha workers strike

മുഖ്യമന്ത്രി പിണറായി വിജയൻ

file image

Updated on

തിരുവനന്തപുരം: വേതന വർധന ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് 100 ദിവസമായി സമരം നടത്തുന്ന ആശാ വർക്കർമാരുമായി ഇനി ചർച്ചയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാറിന്‍റെ 4 വര്‍ഷത്തെ ഭരണ നേട്ടങ്ങൾ എണ്ണിപ്പറയുന്നതിനിടയാണ് ആശമാരുടെ സമരം ചോദ്യമായി എത്തിയത്. സമരത്തോട് അസഹിഷ്ണുതയൊന്നുമില്ല. പക്ഷേ, മുമ്പ് ഇടപെട്ടിട്ട് ഫലമുണ്ടായില്ല. അതിനാൽ ഇനിയൊരു ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

100 ദിനം, 100 സമരപ്പന്തങ്ങളുമായി ആശമാരുടെ പ്രതിഷേധം

3 സുപ്രധാന ആവശ്യങ്ങളുന്നയിച്ച് ആശാ വർക്കർമാർ നടത്തിവരുന്ന സമരത്തിന്‍റെ നൂറാം ദിനത്തിൽ ആളിപ്പടരുന്ന സമര സന്ദേശവുമായി ആശാ വർക്കർമാർ സമരപ്പന്തങ്ങൾ ഉയർത്തി. കവയിത്രി റോസ് മേരി പന്തങ്ങൾക്ക് തീ പകർന്നു നൽകി. സമര നേതാക്കളായ എ. സബൂറ, എസ്.ബി. രാജി, ബിന്ദു കണ്ണമ്മൂല, ആർ. ഷീജ, അനിത കുമാരി, ബിന്ദു ഗോപാൽ, നിത്യ മോൾ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിൽ ആവേശമുയർത്തിയ മുദ്രാവാക്യങ്ങളും ഉയർന്നു.

സെക്രട്ടേറിയറ്റിനു മുന്നിലെ സമരവേദിയിൽ നടന്ന നൂറാം ദിന സമ്മേളനത്തിൽ കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് മിനി അധ്യക്ഷത വഹിച്ചു. കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് സമ്മേളനത്തെ അഭിവാദ്യം ചെയ്തു. അസോസിയേഷൻ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് കെ.പി. റോസമ്മ, രാപകൽ സമര യാത്രാംഗങ്ങളായ പത്മജം, ഉഷ ഉഴമലയ്ക്കൽ, ഗിരിജ, ശാന്തമ്മ, മണികുമാരി തുടങ്ങിയവർ പ്രസംഗിച്ചു.

നൂറാം ദിവസം ഐക്യദാർഢ്യം അർപ്പിച്ച് ഷാഫി പറമ്പിൽ എംപി, എംഎൽഎമാരായ പി.സി. വിഷ്ണുനാഥ്, ഡോ. മാത്യു കുഴൽനാടൻ, ഡിസിസി പ്രസിഡന്‍റ് പാലോട് രവി, മുൻ ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാർ, കോൺഗ്രസ് നേതാക്കളായ എം. ലിജു, ടി. ശരത്ചന്ദ്ര പ്രസാദ്, കൈമനം പ്രഭാകരൻ, മഹിളാ കോൺഗ്രസ് നേതാവ് ലക്ഷ്മി എന്നിവരടക്കമുള്ളവർ സമരവേദിയിൽ എത്തി.

പ്രതിദിന ഓണറേറിയം 230ൽ നിന്ന് 700 രൂപയായി വർധിപ്പിക്കുക, അത് കൃത്യമായി എല്ലാ മാസവും 5നു മുമ്പ് വിതരണം ചെയ്യുക, 5 ലക്ഷം രൂപ വിരമിക്കൽ ആനുകൂല്യം പ്രഖ്യാപിക്കുക എന്നിവയാണ് ആശാ വർക്കർമാർ ഉന്നയിക്കുന്ന മുഖ്യ ആവശ്യങ്ങൾ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com