

വി.ഡി. സതീശൻ
തിരുവനന്തപുരം: മാധ്യമങ്ങളോടു മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രതികരിക്കുന്നുണ്ടെങ്കിൽ മുൻകൂട്ടി അറിയിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്. പോവുന്നിടത്തെല്ലാം പ്രതികരണം നൽകാനാവില്ലെന്നും ബുധനാഴ്ചകളിൽ മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുമെന്നുമാണ് ഓഫിസ് അറിയിക്കുന്നത്.
മുഖ്യമന്ത്രി വി.ഡി.സതീശൻ എത്തുന്നിടത്തെല്ലാം വാർത്താചാനലുകൾ പ്രതികരണത്തിനായി സമീപിക്കുന്നതോടെയാണ് നിർദേശം. അടുത്തിടെ നടന്ന പരിപാടികളിലെല്ലാം മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിക്കാത്തത് വാർത്തയായ സഹചര്യം മുൻനിർത്തിയാണ് മാധ്യമങ്ങൾക്ക് ഇത്തരമൊരു നിർദേശം നൽകിയിരിക്കുന്നത്.
മാധ്യമങ്ങൾ പ്രതികരണത്തിനായി തിക്കും തിരക്കും കൂട്ടുന്നുവെന്ന് കാട്ടി മുഖ്യമന്ത്രിക്ക് സുരക്ഷ വർധിപ്പിച്ചിരുന്നു. ഇന്‍റലിജൻസിന്‍റെ നിർദേശ പ്രകാരം വൻ പൊലീസ് സന്നാഹമാണ് മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ഇടുക്കിയിലെ പരിപാടിയിൽ പങ്കെടുത്ത് മുഖ്യമന്ത്രി പുറത്തിറങ്ങവേ തിക്കും തിരക്കും മൂലം മാധ്യമപ്രവർത്തകരെ മാറ്റി നിർത്താൻ മുഖ്യമന്ത്രി പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. എറണാകുളത്തും തൃശൂരിലുമടക്കം മുഖ്യമന്ത്രിക്ക് സെഡ് പ്ലസ് സുരക്ഷയുണ്ടെന്ന് കാട്ടി മാധ്യമപ്രവർത്തകരെ നിയന്ത്രിച്ചിരുന്നു.