

ചതയദിന പരിപാടിയിൽ നിന്ന് പിൻമാറി; മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ് കോൺഗ്രസ് പ്രവർത്തകർ, ക്ഷോഭിച്ച് വി.ഡി. സതീശൻ
തിരുവനന്തപുരം: ചതയ ദിന പരിപാടിയിൽ പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു. ചെന്തഴന്തി ശ്രീനാരായണ ഗുരുകുലത്തിലെ ചതയദിന പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ചേന്തിയിൽ വച്ചാണ് സംഭവമുണ്ടായത്. കോണ്‍ഗ്രസ് പ്രാദേശിക നേതാവായ ചേന്തി അനിയുടെ നേതൃത്വത്തിലാണ് വണ്ടി കൈകാണിച്ച് നിർത്തിയത്.
ചേന്തിയിലെ പരിപാടി ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി സമയം നൽകിയിരുന്നുവെങ്കിലും പിന്നീട് പിൻമാറിയിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണമായത്. ഇതിന്‍റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. വാഹനം തടഞ്ഞതിനെ തുടർന്ന് മുഖ്യമന്ത്രി പുറത്തിറങ്ങിവന്നു. അതിനിടെ മുഖ്യമന്ത്രിയോട് പ്രവർത്തകർ മോശമായി പെരുമാറിയെന്ന് ആരോപണമുണ്ട്. മുഖ്യമന്ത്രി ചേന്തി അനിയോട് ക്ഷോഭിക്കുന്നതും വിഡിയോയിൽ കാണാം. തുടർന്ന് മുഖ്യമന്ത്രി വണ്ടിയിൽ കയറി പോവുകയായിരുന്നു.
ക്രിമിനൽ പശ്ചാത്തലമുള്ള ചിലർ ഉദ്ഘാടന വേദിയിലുണ്ടാകുമെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി പിൻമാറിയത്. 7.30 നുള്ള ട്രെയിനിൽ കൊച്ചിയിലേക്ക് പോകേണ്ട തിരക്കുള്ളതിനാലാണ് പരിപാടി റദ്ദാക്കിയതെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. അതേസമയം മുഖ്യമന്ത്രിയോട് മോശമായി സംസാരിച്ചതിന് സംഘാടകർക്കെതിരെ കേസെടുക്കുമെന്ന് പൊലിസ് വ്യക്തമാക്കി.
അതേസമയം മുഖ്യമന്ത്രി വരാത്തതിനെ തുടർന്ന് ചേന്തിയിൽ ദുഃഖാചരണം നടത്താൻ തീരുമാനിച്ചതായി ചേന്തി അനിൽ പിന്നീട് ഫെയ്‌സുബുക്കിലൂടെ പ്രതികരിച്ചു. മുൻകാലങ്ങളിലെല്ലാം മുഖ്യമന്ത്രിമാർ ഗുരുകുലത്തിൽ പോകുമ്പോൾ ഇവിടെ ഇറങ്ങി പുഷ്പാർഷച്ച നടത്തിയാണ് പോകാറുള്ളത്. മുഖ്യമന്ത്രി വി.ഡി. സതീശനെ സംഘാകർ പോയി ക്ഷണിച്ചിരുന്നു. അദ്ദേഹം ഡേറ്റ് തന്നിരുന്നുവെന്നും പെട്ടെന്നാണ് തീരുമാനം മാറ്റിയതെന്നും അനിൽ പറഞ്ഞു.