കൂന്തലിന് മനുഷ്യരുമായി ജനിതകസാമ്യം; പുതിയ കണ്ടെത്തലുമായി സിഎംഎഫ്ആർഐ

മനുഷ്യരുമായുള്ള ജനിതകസാമ്യം, പരിണാമബന്ധങ്ങൾ എന്നിവയിലേക്ക് വെളിച്ചം വീശുന്ന സുപ്രധാന നേട്ടമാണിത്.
CMFRI discovers genetic similarity between indian squid and humans
കൂന്തലിന് മനുഷ്യരുമായി ജനിതകസാമ്യം; പുതിയ കണ്ടെത്തലുമായി സിഎംഎഫ്ആർഐ
Updated on

കൊച്ചി: ഇന്ത്യൻ സ്ക്വിഡ് എന്ന കൂന്തലിനെക്കുറിച്ച് ഏറ്റവും പുതിയ കണ്ടെത്തലുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). കൂന്തലിന്‍റെ ജനിതക പ്രത്യേകതകളാണ് സിഎംഎഫ്ആർഐ കണ്ടെത്തിയത്. മനുഷ്യരുമായുള്ള ജനിതകസാമ്യം, പരിണാമബന്ധങ്ങൾ എന്നിവയിലേക്ക് വെളിച്ചം വീശുന്ന സുപ്രധാന നേട്ടമാണിത്. സമുദ്രശാസ്ത്രത്തിനപ്പുറം, ന്യൂറോ സയൻസ് ഉൾപ്പെടെയുള്ള മേഖലകൾക്ക് മുതൽകൂട്ടാകുന്നതാണ് പഠനമെന്നാണ് വിലയിരുത്തൽ.

ബുദ്ധിശക്തി, മസ്തിഷ്ക വികസനം തുടങ്ങി മനുഷ്യരുടെ നാഡീവ്യവസ്ഥയുമായി സാമ്യമുള്ള കൂന്തലിന്‍റെ ജീൻ എക്സ്പ്രഷൻ മാതൃകകളാണ് സിഎംഎഫ്ആർഐ ഗവേഷകർ പഠനവിധേയമാക്കിയത്. സിഎംഎഫ്ആർഐയിലെ മറൈൻ ബയോട്കനോളജി, ഫിഷ് ന്യൂട്രീഷൻ ആൻഡ് ഹെൽത്ത് ഡിവിഷനിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. സന്ധ്യ സുകുമാരന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയത്. വികസിത നാഡീവ്യൂഹം, ബുദ്ധിശക്തി, പ്രശ്നപരിഹാര കഴിവുകൾ, നിറംമാറാനുള്ള ശേഷി തുടങ്ങിയ പ്രത്യേകതകളോട് കൂടിയ സമുദ്രജീവിയാണ് കൂന്തൽ.

കൂന്തലിന്‍റെ ജനിതക പ്രത്യേകതകൾ മനസ്സിലാക്കാൻ സഹായിക്കുന്ന ജീൻ എക്സ്പ്രഷൻ പ്രൊഫൈലുകളാണ് സിഎംഎഫ്ആർഐ ഗവേഷകർ തിരിച്ചറിഞ്ഞത്. ഇതിലൂടെ, മനുഷ്യൻ ഉൾപ്പെടെയുള്ള ഉയർന്ന കശേരുകികളുമായി കൂന്തലിന് ജനിതകസാമ്യമുള്ളതായി കണ്ടെത്തി. പരിണാമപരമായ ബന്ധങ്ങളിലേക്കാണ് കണ്ടെത്തൽ വെളിച്ചം വീശുന്നത്. കൂന്തലിന്‍റെ സങ്കീർണമായ മസ്തിഷ്ക വികാസം മനസ്സിലാക്കുന്നതിലൂടെ, ന്യൂറോ ബയോളജി, ബുദ്ധിശക്തി, നാ‍ഡീവ്യവസ്ഥയുടെ പരിണാമബന്ധങ്ങൾ എന്നീ മേഖലകളിൽ നിർണായക അറിവുകൾ നേടാൻ സഹായിക്കുമെന്ന് ഡോ. സന്ധ്യ സുകുമാരൻ പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com