

പിണറായി വിജയൻ
ന്യൂഡൽഹി: സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന് ആശ്വാസം. പിണറായി വിജയനും മകൾ വീണയ്ക്കും മരുമകനും മുൻ മന്ത്രിയുമായ മുഹമ്മദ് റായാസിനും എതിരായ വിജിലൻസ് അന്വേഷണം സുപ്രീംകോടതി തടഞ്ഞു. ഇഡി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ പറഞ്ഞുകൊണ്ടുള്ള കേരള ഹൈക്കോടതി സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവ് റദ്ദാക്കി. ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകാൻ പിണറായി വിജയന് അനുമതി നൽകി.
അപ്പീൽ നൽകാൻ പിണറായി വിജയന് ഒരാഴ്ചത്തെ സമയം നൽകി.അഴിമതി നിരോധനനിയമപ്രകാരമുള്ള അന്വേഷണം നടത്തുന്നത് നിയമപ്രകാരമായിരിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് പിഴവുണ്ടായിട്ടുണ്ടെന്നും സിംഗിൾ ബെഞ്ച് ഉത്തരവിൽ പരസ്പര വിരുദ്ധ കാര്യങ്ങളാണുള്ളതെന്നും ജസ്റ്റിസ് ജോയ് മാല ബാഗ്ചി ചൂണ്ടിക്കാട്ടി.
വിജിലൻസ് കേസെടുക്കാനുള്ള കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് പിണറായി വിജയൻ, ടി. വീണ, റിയാസ് ഉൾപ്പെടെയുള്ളവർ സുപ്രീംകോടതിയെ സമീപിച്ചത്. വെള്ളിയാഴ്ച ഹർജി പരിഗണിച്ചപ്പോൾ പിണറായിയുടെ അറസ്റ്റിന് സാധ്യത ഉണ്ടെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ സിദ്ധാർത്ഥ് ലൂതറ ചൂണ്ടിക്കാട്ടിയിരുന്നു. പിണറായി വിജയന് 82 വയസ്സ് ആയെന്നും അതിനാൽ ഇന്നുതന്നെ കേസ് പരിഗണിച്ച് ഇടക്കാല സംരക്ഷണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ഹർജി പരിഗണിച്ചത്.