

കൊച്ചി: മാസപ്പടി കേസിൽ നിർണായക നീക്കവുമായി സിഎംആർഎൽ സിഎഫ്ഒ (ചീഫ് ഫിനാൻഷ്യൽ ഓഫീസർ). ഇഡിക്ക് നൽകിയ മൊഴി പിൻവലിക്കുകയാണെന്ന് കാട്ടി സിഎഫ്ഒ സുരേഷ്‌കുമാർ സത്യവാങ്മൂലം നൽകി.
ഗുരുതര ആരോപണങ്ങളാണ് ഇഡിക്കെതിരായ സത്യവാങ്മൂലത്തിലുള്ളത്. ഇഡി ഉദ്യോഗസ്ഥർ തന്നെ ഭീഷണിപ്പെടുത്തിയാണ് മൊഴിയെടുത്തതെന്നാണ് സുരേഷ്‌കുമാർ സത്യവാങ്മൂലത്തിൽ ആരോപിക്കുന്നത്.
താൻ പറഞ്ഞ മൊഴികൾ അന്വേഷണ ഉദ്യോഗസ്ഥർ മുഖവിലക്കെടുത്തില്ലെന്നും രാഷ്ട്രീയ നേതാക്കളുടെ പേരുകൾ പറയാൻ ഇഡി തന്നെ നിർബന്ധിച്ചതായും അദ്ദേഹം ആരോപിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ അധികാരത്തിലിരിക്കെ, അദ്ദേഹത്തിന്‍റെ മകൾ വീണയ്ക്ക് പണം നൽകിയത് മുഖ്യമന്ത്രിയുടെ മകൾ ആയതുകൊണ്ടാണെന്നായിരുന്നു സുരേഷ്‌കുമാറിന്‍റെ മൊഴി.
ഈ മൊഴിയാണ് പിണറായി വിജയനുള്ള കൈക്കൂലിയാണ് ഇതെന്ന രീതിയിൽ ഇഡി റിപ്പോർട്ടിൽ പ്രധാനമായും ചൂണ്ടിക്കാണിച്ചിരുന്നത്. എന്നാൽ നിലവിലെ സത്യവാങ്മൂലത്തിലൂടെ ഈ മൊഴിയാണ് സുരേഷ്‌കുമാർ ഇപ്പോൾ തിരുത്തുന്നത്.