Kerala
ആലുവയിൽ കട കുത്തിത്തുറന്ന് വെളിച്ചെണ്ണ മോഷ്ടിച്ചു; കവർന്നത് 30 കുപ്പി വെളിച്ചെണ്ണ
10 പാക്കറ്റ് പാൽ, ഒരു പെട്ടി ആപ്പിൾ എന്നിവയും നഷ്ടപ്പെട്ടു.
ആലുവ: ആലുവയിൽ കടയുടെ പൂട്ടു തകർത്ത് വെളിച്ചെണ്ണ മോഷ്ടിച്ചതായി പരാതി. 600 രൂപ വിലയുള്ള 30 കുപ്പി വെളിച്ചെണ്ണയാണ് കവർന്നിരിക്കുന്നത്. ശനിയാഴ്ച തോട്ടുമുഖം പാലത്തിനു സമീപത്തെ കടയിലാണ് കള്ളൻ കയറിയത്. കടയുടെ തറ തുരന്ന് അകത്തു കയറാനായിരുന്നു ശ്രമമെങ്കിലും അതു പരാജയപ്പെട്ടതിനെത്തുടർന്നാണ് പൂട്ടു പൊളിച്ച് അകത്ത് കയറിയത്. ഫ്രിഡ്ജിൽ നിന്ന് സോഫ്റ്റ് ഡ്രിങ്ക് എടുത്തു കഴിക്കുന്നതും കടയിൽ നിന്നു കിട്ടിയ ചാക്കിൽ കവർന്ന വസ്തുക്കൾ നിറയ്ക്കുന്നതും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. വെളിച്ചെണ്ണയ്ക്കൊപ്പം 10 പാക്കറ്റ് പാൽ, ഒരു പെട്ടി ആപ്പിൾ എന്നിവയും നഷ്ടപ്പെട്ടു. സിസിടിവി ക്യാമറയുടെ കേബിളും മുറിച്ചു നശിപ്പിച്ചിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.