
കഫ് സിറപ്പിൽ കർശന നിർദേശങ്ങളുമായി കേരളം; അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നംഗ സമിതി
representative image
തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ മൂന്നംഗ സമിതിയെ നിയോഗിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്ഥാന ഡ്രഗ്സ് കൺട്രോളർ, ചൈൽഡ് ഹെൽത്ത് നോഡൽ ഓഫിസർ, ഐഎപി സംസ്ഥാന പ്രസിഡന്‍റ് എന്നിവയാണ് സമിതിയിൽ ഉൾപ്പെടുന്നത്.
ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കുട്ടികൾക്ക് കഫ് സിറപ്പ് നൽകുന്നത് സംബന്ധിച്ച് കേരളം പ്രത്യേക മാർഗ നിർദേശം പുറത്തിറക്കുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. അഗീകൃത ഡോക്റ്ററുടെ കുറിപ്പടിയില്ലാതെ 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് ചുമ മരുന്ന് നൽകരുതെന്നും പഴയ കുറിപ്പടികൾ വച്ചും മരുന്ന് നൽകരുതെന്നും മന്ത്രി നിർദേശം നൽകി.
ഇതിന്‍റെ ഭാഗമായി ബോധവത്ക്കരണവും നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. മധ്യപ്രദേശിലും രാജസ്ഥാനിലുമായി 11 ഓളം കുട്ടികൾ കഫ് സിറപ്പ് കുടിച്ച് മരിച്ചതിനു പിന്നാലെ കോൺഡ്രിഫ് കഫ് സിറപ്പുകൾക്ക് കേരളത്തിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു.