ബ്രഹ്മപുരം കേസ്; ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി കലക്‌ടർ രേണുരാജ്

കേരളത്തെ മുഴുവൻ ഒരു നഗരമായാണ് കാണുന്നതെന്നും , ഈ നഗരത്തിലെ മുഴുവൻ മാലിന്യങ്ങളും കുമിഞ്ഞുകൂടാൻ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി
ബ്രഹ്മപുരം കേസ്; ഹൈക്കോടതിയിൽ നേരിട്ട് ഹാജരായി കലക്‌ടർ രേണുരാജ്

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട വീഴ്ച്ചയുടെ പശ്ചാത്തലത്തിൽ ഹൈക്കോടതി സ്വമേധയ എടുത്ത കേസിൽ എറണാകുളം ജില്ലാ കലക്‌ടർ രേണുരാജ് നേരിട്ട് കോടതിയിൽ ഹാജരായി. ഇന്നലെ ഹാജരാകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും രേണുരാജ് ഹാജരായിരുന്നില്ല. ഇതിൽ കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പിന്നീട് ഇന്ന് ഹാജരാകണമെന്ന് നിർദ്ദേശിച്ചതിനെ തുടർന്നാണ് രേണുരാജ് ഉച്ചയോടെ കോടതിയിലെത്തിയത്.

ജില്ലാ കലക്ടർക്കൊപ്പം കോർപ്പറേഷൻ സെക്രട്ടറിയും കോടതിയിൽ ഹാജരായി. അഡീഷണൽ ചീഫ് സെക്രട്ടറി ശാരധ മുരളീധരൻ ഓൺലൈനായും ഹാജരായിട്ടുണ്ട്. പ്രഥമ പരിഗണന പൊതുജന താൽപര്യത്തിനാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേരളത്തെ മുഴുവൻ ഒരു നഗരമായാണ് കാണുന്നതെന്നും , ഈ നഗരത്തിലെ മുഴുവൻ മാലിന്യങ്ങളും കുമിഞ്ഞുകൂടാൻ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.

അതേസമയം, മാലിന്യ പ്ലാന്‍റിന് തീപിടിച്ചതുമായി ബന്ധപ്പെട്ട് സർക്കാർ ഉന്നതതല യോഗം വിളിച്ചതായി എജി ഹൈക്കോടതിയെ അറിയിച്ചു. തീപിടുത്തം മൂലം ജനങ്ങൾക്കുണ്ടായ മാനസിക ശാരീരിക പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് യോഗം. ഇന്നു വൈകിട്ട് അഞ്ചിന് നടക്കുന്ന യോഗത്തിൽ തദ്ദേശ സ്വയംഭരണം വകുപ്പ് മന്ത്രി എം.ബി.രാജേഷും ചീഫ് സെക്രട്ടറിയും ഉൾപ്പെടെ ഉള്ളവർ പങ്കെടുക്കും.

അതേസമയം, ബ്രഹ്മപുരം വിവാദം കത്തുന്നതിനിടെ എറണാകുളം കലക്‌ടർ രേണു രാജിനെ വയനാട്ടിലേക്ക് സ്ഥലം മാറ്റി. ഇന്നു ചേർന്ന മന്ത്രി സഭായോഗത്തിലാണ് രേണുരാജ് ഉൾപ്പെടെ 4 പേരെ സ്ഥലം മാറ്റാൻ തീരുമാനിച്ചത്. പകരം ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസർ എൻ.എസ്.കെ ഉമേഷ് എറണാകുളം കളക്ടറാക്കാനാണ് തീരുമാനം.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com