

അഞ്ജന
കൊച്ചി: കോളെജ് വിദ്യാർഥിനി പുഴയിൽ വീണ് മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് പെൺകുട്ടിയുടെ അമ്മ. പെരുമ്പാവൂർ കൂവപ്പടി ഇളമ്പകപ്പിള്ളി പനമടത്ത് വീട്ടിൽ അഞ്ജനയുടെ (22) മരണത്തിലാണ് ആരോപണവുമായി അമ്മ ബിന്ദു രംഗത്തെത്തിയത്. മകളുടെ ആൺസുഹൃത്തിന് മരണവുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കണം എന്നാണ് അമ്മ പറയുന്നത്. മകളുടെ മരണത്തിലെ ദുരൂഹത അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ബിന്ദു ജില്ലാ പൊലീസ് മേധാവിക്കും പെരുമ്പാവൂർ പൊലീസിനും പരാതി നൽകി.
ഈ മാസം 20നാണ് അഞ്ജനയെ കാലടി ശബരി റെയിൽവെപാലത്തിനടിയിലെ പുഴയിൽ അവശനിലയിൽ കണ്ടെത്തുന്നത്. തുടർന്ന് ആശുപത്രിയിൽ വച്ച് മരിക്കുകയായിരുന്നു. മകൾ ആത്മഹത്യ ചെയ്യില്ല എന്നാണ് ബിന്ദു പറയുന്നത്. കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് കോളജിലെ ചരിത്ര വിദ്യാർഥിയായിരുന്നു അഞ്ജന. രാത്രിയും രാവിലേയും ഇരുന്ന് പഠിച്ച് പരീക്ഷ എഴുതാൻ പോയ മകൾ ആത്മഹത്യ ചെയ്യില്ല എന്നാണ് ബിന്ദു പറയുന്നത്.
ഒരു യുവാവുമായി മകൾക്ക് അടുപ്പമുണ്ടായിരുന്നെന്ന് അഞ്ജനയുടെ സുഹൃത്ത് പറഞ്ഞാണ് അറിഞ്ഞതെന്നും ബിന്ദു പറയുന്നു. എന്നാൽ ആ ബന്ധം അവസാനിപ്പിക്കുകയാണെന്നും ഇക്കാര്യം യുവാവിനോട് പറയുമെന്നും അഞ്ജന പറഞ്ഞിരുന്നതായി സുഹൃത്ത് തന്നോട് വെളിപ്പെടുത്തി. എന്താണ് സംഭവിച്ചത് എന്ന് അന്വേഷിച്ചു പോയ തന്റെ സഹോദരന്റെ മകനോടും സുഹൃത്തിനോടും അവിടെയുണ്ടായിരുന്നവർ പറഞ്ഞത്, അഞ്ജനയ്ക്കൊപ്പം ഒരു യുവാവും ഉണ്ടായിരുന്നു എന്നാണ്. സംഭവ സമയത്ത് അവിടെ നിന്ന് ആരോ ഓടിപ്പോകുന്നത് നാട്ടുകാർ കണ്ടെന്നും ബിന്ദു പറയുന്നു. അഞ്ജനയുടെ ഫോൺ വീണ്ടെടുക്കണമെന്നും ഇത് ലഭിച്ചാൽ മരണകാരണം അറിയാനാകുമെന്നും ബിന്ദു പറയുന്നു. ബന്ധം അവസാനിപ്പിക്കുകയാണെന്ന് പറയാൻ ചെന്ന അഞ്ജനയെ തള്ളിത്താഴെയിട്ടതാണോ എന്ന സംശയവും അവർ പങ്കുവച്ചു.