തേനീച്ച, കടന്നൽ ആക്രമണത്തില്‍ ജീവഹാനി സംഭവിച്ചാല്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം

2022ലെ മുൻ ഉത്തരവിൽ വ്യക്തത വരുത്തി ഭേദഗതി ചെയ്തു
compensation in case of loss of life due to bee and wasp attacks
compensation in case of loss of life due to bee and wasp attacks

തിരുവനന്തപുരം: തേനീച്ച, കടന്നൽ എന്നിവയുടെ ആക്രമണം മൂലം വനത്തിനകത്ത് സംഭവിക്കുന്ന ജീവഹാനിക്ക് 10 ലക്ഷം രൂപയും വനത്തിനുപുറത്ത് സംഭവിക്കുന്ന ജീവഹാനിക്ക് 2 ലക്ഷം രൂപയും നഷ്ടപരിഹാരമായി അനുവദിക്കാൻ മന്ത്രിസഭാ തീരുമാനം. ഇതു സംബന്ധിച്ച 2022ലെ മുൻ ഉത്തരവിൽ വ്യക്തത വരുത്തി ഭേദഗതി ചെയ്തു. ഭേദഗതിക്ക് 2022 നവംബർ 25 മുതൽ മുതൽ മുൻകാല പ്രാബല്യം നൽകി.

മറ്റു മന്ത്രിസഭായോഗ തീരുമാനങ്ങള്‍ ചുവടെ:

തിരുവനന്തപുരം, കോട്ടയം, തൃശൂർ, കോഴിക്കോട് എന്നീ 4 മെന്‍റൽ ഹെൽത്ത് റിവ്യു ബോർഡുകളിൽ തസ്തികകൾ സൃഷ്ടിക്കും. അസിസ്റ്റന്‍റ് - നാല്, സ്റ്റെനോ ടൈപ്പിസ്റ്റ് - നാല്, ഓഫീസ് അറ്റന്‍റന്‍റ് - നാല്, സെക്യൂരിറ്റി പേഴ്സണൽ - മൂന്ന്, ക്യാഷ്വൽ സ്വീപ്പർ - നാല് എന്നിങ്ങനെയാണ് തസ്തികകള്‍.

വിനോദസഞ്ചാര വകുപ്പിലെ പദ്ധതികളുടെ നിർവ്വഹണത്തിനും മേൽനോട്ടത്തിനുമായി വിനോദസഞ്ചാര വകുപ്പിൽ ഒരു എൻജിനീയറിങ് വിഭാഗം സൃഷ്ടിക്കും. 10 തസ്തികകൾ 3 വർഷത്തേയ്ക്ക് താൽക്കാലികമായി സൃഷ്ടിച്ച് അന്യത്ര സേവന വ്യവസ്ഥയിൽ നിയമനങ്ങൾ നടത്തും. അസിസ്റ്റന്റ് എൻജിനീയർ - 2, അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എൻജിനീയർ - 7, എക്സിക്യൂട്ടീവ് എൻജിനീയർ -1 എന്നിങ്ങനെയാണ് തസ്തികകൾ.

പൊതുവദ്യാഭ്യാസ വകുപ്പിൽ നിന്നും വർക്കിങ് അറേഞ്ച്‌മെന്‍റ് വ്യവസ്ഥയിൽ കൈറ്റ് മാസ്റ്റർ ട്രെയ്‌നർമാരായി നിയമിച്ച അധ്യാപകരെ 2024 - 2025 അധ്യയന വർഷം ആരംഭിക്കുന്നതു വരെ (2024 മെയ് 31വരെ) തുടരാൻ അനുവദിക്കും. അധ്യാപകരെ വർക്കിങ് അറേഞ്ച്‌മെന്‍റിൽ നിയോഗിക്കുമ്പോൾ സ്കൂളുകളിൽ നിയമിക്കുന്നതിന് പ്രൊട്ടക്റ്റഡ് അധ്യാപകരെ ലഭിക്കാത്ത അവസരങ്ങളിൽ അധിക സാമ്പത്തിക ബാദ്ധ്യത ഇല്ലാതെ ദിവസവേതനാടിസ്ഥാനത്തിൽ നിയോഗിക്കാവുന്നതും ഇതിനുള്ള വേതനം കൈറ്റ് സ്കൂളുകൾക്ക് നൽകേണ്ടതുമാണ് എന്ന് വ്യവസ്ഥ ചെയ്യും. ഇതുപ്രകാരം 2023 ജൂലൈ 28ലെ ഉത്തരവ് ഭേദഗതി ചെയ്യും.

പവർഗ്രിഡിന്‍റെ 400 കെ.വി ഇടമൺ - കൊച്ചി ട്രാൻസ്മിഷൻ പദ്ധതിയുടെ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് രൂപീകരിച്ച സ്പെഷ്യൽ തഹസിൽദാർ (എൽ.എ) പവർഗ്രിഡ്, കൊല്ലം യൂണിറ്റിന്‍റെ പ്രവർത്തനം നിർത്തലാക്കി.ഈ യൂണിറ്റിൽ ജോലി ചെയ്യുന്ന 11 ജീവനക്കാരെ പുനർവിന്യസിക്കും. ഇടുക്കി ജില്ലയിൽ രവീന്ദ്രൻ പട്ടയം റദ്ദാക്കലും, അർഹമായ കേസുകളിൽ പുതിയ പട്ടയങ്ങൾ അനുവദിക്കുന്നതിനുമുള്ള ലാൻഡ് അസൈൻമെന്‍റ് യൂണിറ്റ് താത്കാലികമായി ഒരുവർഷത്തേക്കു രൂപീകരിച്ചാണ് പുനർവിന്യസിക്കുക.

അമൃത് പദ്ധതി അടുത്ത മാർച്ച് 31ന് അവസാനിക്കുന്നത് പരിഗണിച്ച് ആലപ്പുഴ നഗരസഭയിൽ അമൃത് പദ്ധതിയുടെ അർബൻ ട്രാൻസ്പോർട്ട് സെക്റ്ററിനു കീഴിൽ ഫൂട്ട് ഓവർ ബ്രിഡ്ജ് അറ്റ് നെഹ്റു ട്രോഫി സ്റ്റാർട്ടിങ്ങ് പോയിന്‍റ് എന്ന പ്രവൃത്തിക്ക് 20.48 ശതമാനം മുകളിൽ ക്വോട്ട് ചെയ്തിട്ടുള്ള ടെണ്ടർ എക്സസിന് അംഗീകാരം നല്കി. ടെണ്ടർ എക്സസ്സിൻ്റെ 50 ശതമാനം നഗരസഭയുടെ തനത് ഫണ്ടിൽ നിന്നും ബാക്കി 50 ശതമാനം അമൃതിന്‍റെ സംസ്ഥാന വിഹിതത്തിൽ നിന്നും വഹിക്കുന്നതിനു അനുമതി നൽകി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com