

കൊല്ലത്ത് പണം മോഷ്ടിച്ചെന്നാരോപിച്ച് 12 കാരനെ തലകീഴായി കെട്ടിതൂക്കാൻ ശ്രമം; ചാരിറ്റി സ്ഥാപനത്തിനെതിരേ കേസ്
file image
കൊല്ലം: പണം മോഷ്ടിച്ചെന്നാരോപിച്ച് ആറാം ക്ലാസുകാരനോട് കൊടും ക്രൂരത. കൊല്ലം പുനലൂർ വെട്ടിത്തിട്ടയിലെ ലിവിങ് വാട്ടർ എന്ന സ്ഥാപനത്തിലാണ് സംഭവം. കുട്ടിയെ തലകീഴായി കെട്ടിതൂക്കാൻ ശ്രമിച്ചതായാണ് പരാതി.
500 രൂപ മോഷ്ടിച്ചെന്നാരോപിച്ചാണ് സ്ഥാപനത്തിലെ കുക്കും വാർഡനും ചേർന്ന് 12 വയസുള്ള കുട്ടിയെ ഉപദ്രവിച്ചത്. പണം എടുത്തില്ലെന്ന് പറഞ്ഞിട്ടും തല കീഴായി കുട്ടിയെ പിടിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പുനലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. വാർഡനും സഹായിയും നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. മകനെ കാലിൽ കയർ കെട്ടി ഫാനിന്‍റെ ഹൂക്കിൽ തൂക്കിയിട്ടെന്നും കുട്ടിയുടെ ശരീരത്തിൽ മർദനമേറ്റ പാടുണ്ടെന്ന് അച്ഛൻ നൽകിയ പരാതിയിൽ പറയുന്നു.
അവധിയായതോടെ കുട്ടിയെ വീട്ടിലേക്ക് വിളിച്ചു കൊണ്ടു വന്നിരുന്നു. വിഷമിച്ചിരിക്കുന്നത് എന്തെന്ന് ചോദിച്ചപ്പോഴാണ് മകൻ വിവരം പറയുന്നത്. നോക്കാൻ നിവർത്തിയില്ലാത്തത് കൊണ്ടാണ് ഹോസ്‌റ്റലിൽ നിർത്തി പഠിപ്പിക്കുന്നതെന്നും കുട്ടിയുടെ അച്ഛൻ പറയുന്നു.
ലിവിങ് വാട്ടർ എന്നത് ഒരു ചാരിറ്റി സ്ഥാപനമാണ്. നിരവധി കുട്ടികളെ ഇവർ പഠനത്തിനായി താമസിപ്പിച്ചിട്ടുണ്ട്. ഇവർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉണ്ട്.