
കടകംപള്ളി സുരേന്ദ്രൻ, സ്വപ്ന സുരേഷ്
തിരുവനന്തപുരം: മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരേ കേസെടുക്കണമെന്നാവശ‍്യപ്പെട്ട് പോത്തൻകോട് സ്വദേശിയും കോൺഗ്രസ് നേതാവുമായ മുനീർ ഡിജിപിക്ക് പരാതി നൽകി. സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ കടകംപള്ളി സുരേന്ദ്രനെതിരേ കേസെടുക്കണമെന്നാണ് പരാതിയിലെ ആവശ‍്യം.
മന്ത്രിയായിരുന്ന സമയത്ത് ഓഫിസിലെത്തുന്ന സ്ത്രീകളുടെ ഫോൺ നമ്പറുകൾ കൈക്കലാക്കുകയും അവരെ മോശം രീതിയിൽ സമീപിച്ചെന്നുമാണ് മുനീർ പരാതിയിൽ ഉന്നയിക്കുന്നത്.
കടകംപള്ളി സുരേന്ദ്രൻ മോശമായ സന്ദേശങ്ങൾ അയച്ചുവെന്നും ലൈംഗിക അതിക്രമത്തിന് ശ്രമിച്ചുവെന്നായിരുന്നു സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തൽ. സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ടിരുന്ന സ്വപ്ന സുരേഷ് 2022ലായിരുന്നു മാധ‍്യമങ്ങളോട് ഇത്തരത്തിൽ ഒരു വെളിപ്പെടുത്തൽ നടത്തിയത്.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരേ യുവതികൾ വെളിപ്പെടുത്തൽ നടത്തിയതിന്‍റെ അടിസ്ഥാനത്തിൽ കേസെടുത്തിരുന്നു. രാഹുലിനെതിരായ കേസിൽ അന്വേഷണം തുടരുന്ന സാഹചര‍്യത്തിലാണ് കടകംപള്ളിക്കെതിരേയും സമാന പരാതിയെത്തുന്നത്.
കടകംപള്ളി സ്ത്രീകളോട് മോശമായി പെരുമാറിയെന്ന തരത്തിലുള്ള ശബ്ദരേഖകൾ കഴിഞ്ഞ തെരഞ്ഞെടുപ്പിന്‍റെ സമയത്ത് പുറത്തുവന്നിരുന്നു.