

ചാലക്കുടിയിൽ രാത്രി പെൺകുട്ടികൾക്ക് കെഎസ്ആർടിസി ബസ് നിർത്തി നൽകിയില്ലെന്ന് പരാതി
file image
ചാലക്കുടി: ചാലക്കുടിയിൽ രാത്രി പെൺകുട്ടികൾക്ക് കെഎസ്ആർടിസി ബസ് നിർത്തി നൽകിയില്ലെന്ന് പരാതി. കെഎസ്ആർടിസി സൂപ്പർ ഫാസ്‌റ്റ് ബസിൽ രാത്രി 9.30 ഓടെയാണ് സംഭവം. രാത്രി യാത്ര ചെയ്‌ത 2 പെൺകുട്ടികൾക്ക് കൊരട്ടിക്കടുത്ത് പൊങ്ങത്ത് ഇറങ്ങാനായി ബസ് നിർത്തി നൽകാൻ ആവശ്യപ്പെട്ടെങ്കിലും അധികൃതർ നിരസിക്കുകയായിരുന്നു. പിന്നാലെ പെൺകുട്ടികൾ പരിഭ്രാന്തരായതോടെ സഹയാത്രക്കാർ പ്രതിഷേധിച്ചു. എന്നിട്ടും ഫലമുണ്ടാവാതെ വന്നതോടെ സഹയാത്രക്കാർ കൊരട്ടി പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു.
പൊങ്ങം നൈപുണ്യ കോളജിലെ വിദ്യാർഥികളായ ഇടുക്കി സ്വദേശി ഐശ്വര്യ എസ്. നായർ, പത്തനംതിട്ട സ്വദേശി ആൽഫ പി. ജോർജ് എന്നിവർക്കാണ് ദുരനുഭവമുണ്ടായത്.
ഇവർ പഠനാവശ്യത്തിനായി എറണാകുളത്തു പോയി മടങ്ങുന്നതിനിടെ അങ്കമാലിയിൽ നിന്നാണ് തിരുവനന്തപുരത്തു നിന്നു തൃശൂരിലേയ്ക്കു പോകുകയായിരുന്ന സൂപ്പർ ഫാസ്‌റ്റ് ബസിൽ കയറിയത്. 2 പേർക്കുമായി 64 രൂപ ഇവർ ടിക്കറ്റ് ചാർജ് നൽകിയിരുന്നു.
പ്രതിഷേധത്തിനിടെ മുരിങ്ങൂർ എത്തിയപ്പോൾ ബസ് നിർത്തി നൽകാമെന്നു കണ്ടക്ടർ അറിയിച്ചെങ്കിലും ഇവിടെ ഇറങ്ങിയാൽ തിരികെ പോകാൻ വഴി പരിചയമില്ലെന്നു കുട്ടികൾ അറിയിച്ചു. തുടർന്ന് ഇവരെ ചാലക്കുടി കെഎസ്‌ആർടിസി ബസ് സ്‌റ്റാൻഡിലാണ് ഇറക്കിയത്.
വിവരം അറിഞ്ഞു ചാലക്കുടി എസ്എച്ച്‌ഒ എം.കെ. സജീവിന്‍റെ നേതൃത്വത്തിൽ പൊലീസ് കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെത്തി. ഇവരെ പൊങ്ങത്ത് എത്തിക്കാൻ പൊലീസ് സന്നദ്ധരായെങ്കിലും കോളെജ് അധികൃതർ വരുമെന്ന് അറിയിച്ചതോടെ അവരുടെ കൂടെ വിട്ടയയ്ക്കുകയായിരുന്നു. വിദ്യാർഥിനികൾ സ്‌റ്റേഷൻ മാസ്‌റ്റർക്കു പരാതി നൽകി.