

മോഹൻലാൽ
കോഴിക്കോട്: രാജ്യസ്നേഹവും ദേശീയബോധവും വെറും മുദ്രാവാക്യങ്ങളല്ലെന്നും തലമുറകളിലേക്ക് പകർന്നു നൽകേണ്ട സംസ്കാരമാണെന്നും നടൻ മോഹൻലാൽ. ആർഎസ്എസിന്റെ വാരികയായ കേസരിയുടെ നേതൃത്വത്തിലുള്ള മാതംഗി മൾട്ടി മീഡിയ റെക്കോഡിങ് സ്റ്റുഡിയോയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യസ്നേഹവും ദേശീയബോധവും പ്രമേയമായ ഒട്ടേറെ ചിത്രങ്ങളിൽ തനിക്ക് അഭിനയിക്കാൻ സാധിച്ചിട്ടുണ്ടെന്നും ഇതിനു വേണ്ടി നിരവധി തവണ സൈനിക ക്യാംപുകളും അതിർത്തി പ്രദേശങ്ങളിലും സന്ദർശനം നടത്തിയെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
കേസരി എന്ന് കേൾക്കുമ്പോൾ മനസിൽ ഉണരുന്നത് വീരത്വത്തിന്റെയും ശൂരത്വത്തിന്റെയും ഗർജനമാണെന്നു പറഞ്ഞ മോഹൻലാൽ കേസരി അക്ഷരങ്ങളുടെ പ്രൗഡിയാണെന്നും ആത്മാഭിമാനത്തിന്റെയും ദേശാഭിമാനത്തിന്റെയും മറുവാക്കാണെന്നും കൂട്ടിച്ചേർത്തു.
കേസരിയുടെ പ്രവർത്തനം ആരംഭിച്ചതോടെ സംഘം അവിടെ ഒരു സാംസ്കാരിക കർത്തവ്യം നിറവേറ്റുകയായിരുന്നുവെന്നും രാജ്യം നിലനിന്നാൽ മാത്രമെ ഈ സംസ്കൃതി നിലനിൽക്കൂയെന്ന സത്യം കേസരി അതിന്റെ ഓരോ പ്രവർത്തനത്തിലൂടെയും എല്ലാകാലത്തും സമൂഹത്തോട് ഉറക്കെ വിളിച്ചു പറഞ്ഞുവെന്നും മോഹൻലാൽ പറഞ്ഞു. രാജ്യസ്നേഹികളും നിസ്വാർഥരും അറിവിന്റെ ആഴമുള്ളവരുമായ എത്രയോ മനുഷ്യർ ലക്ഷ്യബോധമുള്ള ഈ യാത്രയെ കാലങ്ങളിലൂടെ അർഥപൂർണമാക്കിയെന്നും അവരിൽ പി. പരമേശ്വർജിയെ പ്രത്യേകം സ്മരിക്കുന്നുവെന്നും മോഹൻലാൽ പറഞ്ഞു.