

പദ്ധതികൾ മുടങ്ങില്ലെന്ന് കോൺഫിഡന്‍റ് ഗ്രൂപ്പ് എം.ഡി
ബംഗലുരൂ: കോൺഫിഡന്‍റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയിയുടെ മരണം നിലവിലുള്ള പദ്ധതികളെ ബാധിക്കില്ലെന്നും പ്രവർത്തനങ്ങൾ കാര്യക്ഷമമായി മുന്നോട്ട് പോകുന്നുണ്ടെന്നും കോൺഫിഡന്‍റ് ഗ്രൂപ്പ് എം.ഡി ടി.എ. ജോസഫ് പറഞ്ഞു. ആദായനികുതി വകുപ്പോ, എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് അടക്കം കേന്ദ്ര ഏജൻസികളുടെ അന്വേഷണം സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണ്.
ആരെയും കബളിപ്പിച്ചുണ്ടാക്കിയ പണം കൊണ്ടല്ല കമ്പനി പ്രവർത്തിക്കുന്നതെന്നും ജോസഫ് പറഞ്ഞു.
കൊച്ചിയിലും ബംഗലുരുവിലും കൂടുതലായും കമ്പനിയുടെ പ്രവർത്തനം. ബംഗലുരുവിലെ പ്രവർത്തനങ്ങൾ ചെയർമാൻ റോയിയുടെ നിയന്ത്രണത്തിലും കേരളത്തിലെ പ്രവർത്തനങ്ങൾ എംഡിയായ തന്‍റെ മേൽനോട്ടത്തിലുമാണ് നടന്നുവന്നിരുന്നത്. ബംഗലുരുവിൽ നേരിട്ടുള്ള ഫ്ളാറ്റ് പദ്ധതികൾ കുറവാണ്. സ്ഥലമെടുത്ത് അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിച്ച് മറ്റ് ബിൽഡേഴ്സിന് കൈമാറുകയും സംയുക്തമായി പദ്ധതികൾ നടപ്പാക്കുകയുമാണ് ചെയ്യുന്നത്. കേരളത്തിലാണ് നേരിട്ട് ഫ്ളാറ്റുകൾ നിർമിക്കുന്നത്. കഴിഞ്ഞ 15-20 വർഷമായി താനാണ് ഇതിന് നേതൃത്വം നൽകുന്നതെന്നും കോൺഫിഡന്‍റ് എംഡി പറഞ്ഞു.