രാഹുലിനെതിരേ വീണ്ടും ശബ്ദരേഖ; പ്രതിരോധത്തിൽ കോൺഗ്രസും യുഡിഎഫും

രാഹുലിനെതിരായ ശക്തമായ തെളിവുകള്‍ അടക്കം യുവതി മുഖ്യമന്ത്രിക്കും ഡിജിപിക്കു പരാതി നല്‍കുമെന്നാണ് വിവരം
Congress and UDF on the defensive after audio tape against Rahul surfaced

രാഹുൽ മാങ്കൂട്ടത്തിൽ

Updated on

പി.ബി. ബിച്ചു

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണം കൊഴുക്കുന്നതിനിടെ കോൺഗ്രസിനും യുഡിഎഫിനും തലവേദനയായി പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെതിരേ പുതിയ ശബ്ദരേഖ. പാലക്കാട്ട് യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽ രാഹുൽ സജീവമായതിനു പിന്നാലെയാണു പുതിയ വിവാദം. ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്നതിന്‍റെയും വധഭീഷണി മുഴക്കുന്നതിന്‍റെയും ശബ്ദരേഖകളാണു ചില മാധ്യമങ്ങൾ പുറത്തുവിട്ടത്. ആദ്യം ഗർഭിണിയാകാൻ പെൺകുട്ടിയോട് ആവശ്യപ്പെടുകയും പിന്നീട് ഗർഭഛിദ്രം നടത്താൻ നിർബന്ധിക്കുകയും ചെയ്യുന്നതു ശബ്ദരേഖയിലുണ്ട്. ലൈംഗികചൂഷണത്തിൽ നിയമവഴി തേടാനാണ് ഇരയായ യുവതിയുടെ തീരുമാനം.

എന്നാൽ, നിയമവഴിയിലൂടെ മുന്നോട്ടുപോകുമെന്ന മറുപടി മാത്രമാണ് രാഹുൽ നൽ‌കിയത്. പുതിയ ശബ്ദരേഖയുടെ വിവരങ്ങൾ അറിഞ്ഞില്ലെന്ന് പറഞ്ഞ് കെപിസിസി അധ്യക്ഷനും ചോദ്യം കേൾക്കാൻകൂട്ടാക്കാതെ പിന്നെ കാണാമെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ചാനൽ ക്യാമറകൾക്ക് മുന്നിൽ നിന്ന് ഒഴിഞ്ഞുമാറി. വിഷയത്തിൽ പാർട്ടിയുടെ പ്രതിരോധം ദുർബലമാണെന്നതിന്‍റെ സൂചനയാണിതെന്നു കരുതുന്നു.

രാഹുലിനെതിരായ ശക്തമായ തെളിവുകള്‍ അടക്കം യുവതി മുഖ്യമന്ത്രിക്കും ഡിജിപിക്കു പരാതി നല്‍കുമെന്നാണ് വിവരം. മാസങ്ങൾക്ക് മുമ്പേ പുറത്തുവന്ന ശബ്ദരേഖയും വാട്‌സാപ്പ് ചാറ്റും അടിസ്ഥാനമാക്കി ക്രൈംബ്രാഞ്ച് മാങ്കൂട്ടത്തിലിനെതിരേ കേസെടുത്തിരുന്നു. അഞ്ചുപേര്‍ ഇ മെയ്‌ൽ വഴി പൊലീസ് ആസ്ഥാനത്തേക്ക് അയച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. പരാതി നല്‍കിയവരെല്ലാം മൂന്നാം കക്ഷികളായിരുന്നതിനാൽ ക്രൈംബ്രാഞ്ച് കൂടുതൽ നടപടികളിലേക്ക് കടന്നില്ല. ഇതിനിടെ ഇരകളെ ഭീഷണിപ്പെടുത്തി പരാതി നല്‍കുന്നതില്‍നിന്ന് പിന്തിരിപ്പിക്കാന്‍ രാഹുൽ ശ്രമിക്കുന്നതായി ആരോപണമുയർന്നു. വിവാദത്തെത്തുടർന്നു പാർട്ടിയിൽ നിന്നു സസ്പെൻഡ് ചെയ്യപ്പെട്ട രാഹുൽ ഒരുമാസം അടൂരിലെ വീട്ടിൽ തങ്ങിയെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തതോടെ പാലക്കാട് സജീവമാകുകയായിരുന്നു.

പാർട്ടി നടപടിയിലാണെങ്കിലും ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭ പിടിക്കാൻ യുഡിഎഫിന്‍റെ മുൻ നിരപ്പോരാളികളിൽ പ്രധാന സ്ഥാനത്ത് രാഹുൽ തന്നെയാണ്. ഇവിടെ പ്രചാരണം കൊടുമ്പിരികൊള്ളുന്നതിനിടെയാണ് പുതിയ ശബ്ദരേഖയും വാട്സാപ്പ് ചാറ്റുകളും പുറത്തെത്തിയിരിക്കുന്നത്. വിഷയം വീണ്ടും ചർച്ചയായതോടെ വേണ്ട കൂടിയാലോചനകളില്ലാതെ ഇടപെടുന്നത് തദ്ദേശ തെരഞ്ഞെടുപ്പിൽ ബാധിച്ചേക്കുമെന്ന വിലയിരുത്തലാണ് യുഡിഎഫ് -കോൺഗ്രസ് നേതൃത്വം.

നിരവധി സ്ത്രീകളെ പ്രണയംനടിച്ച് ലൈംഗികമായി ദുരുപയോഗിച്ചെന്ന് ക്രൈംബ്രാഞ്ച് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമര്‍പ്പിച്ച എഫ്‌ഐആറിൽ വ്യക്തമാക്കുന്നുണ്ട്. പെൺകുട്ടി നേരിട്ട് പരാതിയുമായെത്തിയാലുടൻ രാഹുലിനെതിരേ നടപടിക്കാണു ക്രൈംബ്രാഞ്ച് തീരുമാനം. രാഹുലിനെതിരെ പരാതിയോ പൊലീസ് നടപടിയോ ഉണ്ടായിട്ടില്ലെന്ന് ന്യായീകരിച്ചായിരുന്നു ഇത്രയും നാൾ കോൺഗ്രസിന്‍റെ പ്രതിരോധം. എന്നാൽ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പേ പുറത്തുവന്ന തെളിവുകൾ തിരിച്ചടിയുണ്ടാക്കുമെന്നതിനാൽ കോൺഗ്രസ് നേതൃത്വം മുഖംരക്ഷിക്കാനുള്ള ശ്രമങ്ങളിലാണെന്നാണ് വിവരം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com