ദളിത് യുവതിയെ പീഡിപ്പിച്ചെന്ന കേസ്; പാലക്കാട്ടെ കോൺഗ്രസ് നേതാവിന് മുൻകൂർ ജാമ‍്യമില്ല

ബലാത്സംഗം, എസ്‌സി എസ്ടി പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രശോഭിനെതിരേ കേസെടുത്തിരുന്നത്
congress councillor prashob c. valsan anticipatory bail plea rejected

പ്രശോഭ് സി. വത്സലൻ

Updated on

പാലക്കാട്: ജോലി വാഗ്ദാനം ചെയ്ത് ദളിത് യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ പാലക്കാട് കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി വത്സന് മുൻകൂർ ജാമ‍്യമില്ല. മണ്ണാർക്കാട് എസ്‌സി എസ്ടി കോടതി ജാമ‍്യാപേക്ഷ തള്ളി. ബലാത്സംഗം, എസ്‌സി എസ്ടി പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രശോഭിനെതിരേ കേസെടുത്തിരുന്നത്.

കഴിഞ്ഞ ദിവസം കേസിലെ അതിജീവിത കോടതിയിൽ ഹാജരാകുകയും അടച്ചിട്ട കോടതി മുറിയിൽ ജഡ്ജിക്ക് മൊഴി നൽകുകയും ചെയ്തിരുന്നു. പട്ടാമ്പിയിലെ ഒരു വ്യാപാര സ്ഥാപനത്തിൽ ജോലി ശരിയാക്കാമെന്ന് വിശ്വസിപ്പിച്ച് പലതവണ പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു യുവതിയുടെ പരാതി. യുവതി മുഖ്യമന്ത്രിക്കും പാലക്കാട് ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയതിനെ തുടർന്നാണ് പ്രശോഭിനെതിരേ കേസെടുത്തത്.

ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം യുവതിയുടെ വീട്ടിലെത്തിയാണ് ആദ്യം പീഡിപ്പിച്ചത്. പിന്നീട് കാറിൽ കൊണ്ടുപോകുന്നതിനിടെയും പീഡനം തുടർന്നു. പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപത്ത് വച്ചും അതിക്രമം കാട്ടി. ഭീഷണിപ്പെടുത്തി നഗരത്തിലെ ഒരു ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു. അവിടെ വച്ച് പ്രതിയുടെ ദൃശ്യങ്ങൾ യുവതി മൊബൈൽ ഫോണിൽ പകർത്തി. താൻ ആക്രമിക്കപ്പെടുമെന്ന ഭയത്താലാണ് ദൃശ്യങ്ങൾ പകർത്തിയതെന്ന് യുവതി വ്യക്തമാക്കുന്നു. ഗർഭിണിയാണെന്നറിയിച്ചപ്പോൾ അലസിപ്പിക്കാനുള്ള മരുന്ന് കഴിക്കാൻ നിർബന്ധിപ്പിച്ചെന്നും പിന്നീടാണ് താൻ ചതിക്കപ്പെട്ടെന്ന് മനസിലായതെന്നും പരാതിയിലുണ്ട്.

logo
Metro Vaartha
www.metrovaartha.com