
#എം.ബി. സന്തോഷ്
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പു കമ്മിഷന്റെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നിർമിച്ച് ഉപയോഗിച്ചുവെന്ന ആരോപണത്തിൽ വിയർത്ത് കോണ്‍ഗ്രസ്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ തന്നെയാണ് ഇതിനു തെളിവു നൽകിയത് എന്നതാണ് പാർട്ടിയെ ഏറെ വെട്ടിലാക്കിയത്.
തുടർന്ന് ബിജെപിയും ഡിവൈഎഫ്ഐയും ഉന്നയിച്ച വിമർശനം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഏറ്റെടുത്തതോടെ അതിന്റെ വ്യാപ്തി കോൺഗ്രസ് നേതാക്കളെ അസ്വസ്ഥമാക്കുന്നു.
മൊബൈൽ ആപ്പ് ഉപയോഗിച്ചുള്ള വ്യാജ ഐഡി കാർഡ് നിർമാണം സംബന്ധിച്ച വാർത്ത ശ്രദ്ധയിൽപ്പെട്ടെന്നും ഉടൻ അന്വേഷിക്കണമെന്ന് പൊലീസ് മേധാവിക്കു നിർദേശം നൽകിയെന്നും സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗൾ അറിയിച്ചു. വിശദീകരണം നൽകാൻ കോൺഗ്രസിനോടും ആവശ്യപ്പെട്ടു. ഡിവൈഎഫ്ഐ പ്രസിഡന്റ് എ.എ. റഹീം എംപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനും പരാതി നൽകി.
മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് കോൺഗ്രസ് സംസ്ഥാനത്ത് ഒന്നേകാൽ ലക്ഷം വ്യാജ തിരിച്ചറിയൽ കാർഡുകള്‍ നിർമിച്ചു എന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ ആരോപണം. ഷാഫി പറമ്പിൽ എംഎൽഎയുടെ നേതൃത്വത്തിലാണിതെന്നും ബംഗളൂരുവിലെ ഒരു ഐടി കമ്പനിയാണ് ആപ്പിന്റെ പിന്നിൽ പ്രവർത്തിച്ചതെന്നും സുരേന്ദ്രൻ പറയുന്നു.
വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമിച്ചത് എങ്ങനെയെന്ന് വ്യക്തമാക്കാൻ അതിന് ഉപയോഗിച്ച മൊബൈൽ ആപ്ലിക്കേഷനും മാതൃകാ വീഡിയോയും പരാതിക്കാരായ യൂത്ത് കോൺഗ്രസുകാർ എഐസിസിക്ക് കൈമാറി. രാഹുൽ ഗാന്ധിയുടെ തിരിച്ചറിയൽ കാർഡ് തയ്യാറാക്കുന്ന മാതൃക വീഡിയോ ഉൾപ്പെടെയാണ് പരാതിക്കാർ എഐസിസിയെ സമീപിച്ചത്.
വ്യാജ കാർഡ് എന്നൊരു ആരോപണമില്ലെന്ന് ഷാഫി പറമ്പിലും യൂത്ത് കോൺഗ്രസ് നേതാക്കളും പറഞ്ഞൊഴിഞ്ഞെങ്കിലും ഇക്കാര്യം ദേശീയ നേതൃത്വം അന്വേഷിക്കുന്നുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ വ്യക്തമാക്കിയതോടെ യൂത്ത് കോൺഗ്രസ് പ്രതിസന്ധിയിലായി. ഈ വിഷയത്തിൽ ദേശസുരക്ഷയും ഒരു വിഷയമാണെന്നു ബിജെപി ആരോപിക്കുന്നു.
രാഹുൽ 5,000 വോട്ടിന് തോൽപ്പിച്ചത് അസാധുവിനെ..!
യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത 7,29,626 വോട്ടിൽ എ ഗ്രൂപ്പിന്റെ പ്രസിഡന്റ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന് കിട്ടിയത് 2,21,986 വോട്ട്. ഐ ഗ്രൂപ്പുകാരനായ അബിൻ വർക്കിക്ക് 1,68,588. കെ.സി. വേണുഗോപാല്‍ പക്ഷത്തെ അരിത ബാബു 31,930 വോട്ടുപിടിച്ചു. എന്നാൽ, 2,16,462 വോട്ടു നേടി അസാധുവാണ് രണ്ടാമതെത്തിയത്..!
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ജില്ലയായ എറണാകുളത്ത് പ്രസിഡന്റ് സ്ഥാനത്ത് ഒന്നാമതെത്തിയ എ വിഭാഗത്തിന്റെ സ്ഥാനാർഥി പി.എച്ച്. അനൂപ് അയൽവാസിയെ ആക്രമിച്ച കേസിൽ റിമാൻഡിലാണ്. എളമക്കര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത തട്ടിക്കൊണ്ടുപോകൽ കേസിൽ ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന ഐ വിഭാഗം സ്ഥാനാർഥി സിജോ ജോസഫാണ് രണ്ടാമതെത്തിയത്. വ്യക്തിപരമായ ക്രിമിനൽ കേസുകളിലെ പ്രതികൾ ഭാരവാഹിയാകാൻ അയോഗ്യരാണ്. അതിനാൽ അവിടെ വിജയിയെ പ്രഖ്യാപിച്ചിട്ടില്ല.