'ഇന്ത്യ'യിലെ പോര് ആയുധമാക്കി ബിജെപി

രാഹുലിന്‍റെ "പഴയ പേര്'' പറഞ്ഞ് പിണറായി വിവാദത്തിൽ
rahul gandhi, pinarayi vijayan
rahul gandhi, pinarayi vijayan

എം.ബി. സന്തോഷ്

തിരുവനന്തപുരം: "ഇന്ത്യ' മുന്നണിയിലെ ഘടകകക്ഷി കൂടിയായ സിപിഎമ്മിന്‍റെ ഏക മുഖ്യമന്ത്രിക്കെതിരേ കോൺഗ്രസ് മുൻ അധ്യക്ഷനും വയനാട്ടിലെ യുഡിഎഫ് സ്ഥാനാർഥിയുമായ രാഹുൽ ഗാന്ധി ഉയർത്തിയ പരാമർശത്തിന് കടുത്ത ഭാഷ‍യിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകിയതോടെ പോര് കടുത്തു. പ്രതിപക്ഷ നേതാവുൾപ്പെടെ കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രിക്കെതിരെ രംഗത്തുവന്നു. "ഇന്ത്യ' മുന്നണിയിലെ ഈ ഭിന്നത ആയുധമാക്കി ദേശീയ തലത്തിൽ പ്രചരിപ്പിക്കുകയാണ് ബിജെപി.

"നിങ്ങളുടെ മുത്തശ്ശി രാജ്യം അടക്കിവാണ കാലത്ത്‌ എന്നെ ഒന്നരവർഷം ജയിലിലടച്ചിട്ടുണ്ട്. അന്നില്ലാത്ത വേവലാതി ഇന്നില്ല. ഇഡി വന്നാൽ കോൺഗ്രസ് മുഖ്യമന്ത്രി അശോക് ചവാനെപ്പോലെ പേടിച്ച് ബിജെപിയിൽ ചേരുന്നവരല്ല ഞങ്ങളൊന്നും. എനിക്കെതിരേ കോൺഗ്രസ് ഭരണത്തിലും കേസ് കെട്ടിച്ചമച്ചിട്ടുണ്ട്. ആ കേസ് എന്തായി എന്ന് രാഹുൽ ഗാന്ധി അന്വേഷിക്കുന്നത് നന്നാകും. വിജിലൻസ് തള്ളിയ കേസ് സിബിഐക്ക് വിട്ടു. അവരും വിജിലൻസ് പറഞ്ഞിടത്തു തന്നെയാണ് എത്തിയത്. അന്ന് കോൺഗ്രസാണ് കേന്ദ്രത്തിൽ. അന്ന് അധികാരത്തിലിരുന്നവരുമായി ചർച്ച ചെയ്യാൻ പറ്റിയാൽ എന്തായിരുന്നു സിബിഐ അന്വേഷണ റിപ്പോർട്ടും നിയമോപദേശവും എന്ന് മനസിലാക്കണം. അന്നും കേസെന്ന് കേട്ട് ബോധം കെട്ടിട്ടില്ല. അന്വേഷണ ഏജൻസികളെ കാട്ടി വിരട്ടാൻ നോക്കരുത് '.

രണ്ടു മുഖ്യമന്ത്രിമാരെ ഇഡി ജയിലിലടച്ചിട്ടും കേരള മുഖ്യമന്ത്രിയെ ജയിലിലാക്കാത്തത് എന്തുകൊണ്ടാണെന്ന രാഹുൽ ഗാന്ധിയുടെ തലേന്നത്തെ പ്രസംഗത്തിനായിരുന്നു കോഴിക്കോട് കാക്കൂരിൽ എൽഡിഎഫ് റാലി ഉദ്ഘാടനം ചെയ്യവേ മുഖ്യമന്ത്രിയുടെ ഈ മറുപടി.

"നേരത്തെ നിങ്ങൾക്കൊരു പേരുണ്ടെന്നും ആ രീതിയിൽ നിന്നും നിങ്ങൾ മാറിയിട്ടില്ല എന്ന അവസ്ഥ ഉണ്ടാക്കരുതെന്നും "പഴയ പരിഹാസപ്പേരായ "പപ്പു'വിനെ ഉദ്ദേശിച്ച് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞു. രാഹുൽ യാത്ര നടത്തിയപ്പോൾ കുറച്ചു മാറ്റം വന്നെന്നാണു കരുതിയതെന്നും പഴയ പേര് ആവർത്തിക്കാൻ ഇടവരുത്തരുതെന്നും പിണറായി ചൂണ്ടിക്കാട്ടി.

ഇത് സംസ്ഥാന കോൺഗ്രസ് നേതാക്കളിൽ കനത്ത പ്രതിഷേധത്തിനിടയാക്കി. പിണറായി വിജയൻ ബിജെപിയുടെ മൗത്ത് പീസാണ് എന്നായിരുന്നു ഇതിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ തിരിച്ചടി. ബിജെപി രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് വിളിക്കുന്ന പേര് പിണറായി വിജയനും വിളിക്കട്ടെയെന്നും അപ്പോള്‍ ജനങ്ങള്‍ക്ക് പിണറായി ആരാണെന്ന് മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു.

രാഹുൽ ഗാന്ധിക്കെതിരായ മോശം പരാമർശം നടത്തിയ പിണറായി വിജയൻ അത് പിൻവലിച്ച് മാപ്പ് പറയണമെന്നായിരുന്നു കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തലയുടെ ആവശ്യം. ബിജെപിയുടെ താര പ്രചാരകനാണ് പിണറായി വിജയൻ എന്നായിരുന്നു കെപിസിസി ആക്റ്റിങ് പ്രസിഡന്‍റ് എം.എം. ഹസന്‍റെ പരിഹാസം.

നിലപാടില്ലാത്ത രാഷ്‌ട്രീയമാണ് രാഹുൽ ഗാന്ധിക്കുള്ളതെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ ഇന്നലെ വിമർശിച്ചനത്തിന്‍റെ കാരണവും ഇന്ത്യാ മുന്നണിയിലെ തമ്മിൽത്തല്ലാണ്. ഡൽഹിയിൽ സിപിഐ നേതാവ് ഡി. രാജയുമായി ഒരുമിച്ച് നിന്നാണ് രാഹുൽ ഗാന്ധി പോരാടുന്നതെങ്കിൽ, കേരളത്തിൽ അദ്ദേഹത്തിന്‍റെ ഭാര്യ രാഹുലിനെതിരേ മത്സരിക്കുന്നു എന്ന് അദ്ദേഹം കളിയാക്കി.

പിണറായി വിജയൻ അഴിമതിക്കാരനും അറസ്റ്റുചെയ്ത് തിഹാർ ജയിലിലടയ്ക്കേണ്ട ആളാണെന്നും രാഹുൽ ഗാന്ധി കരുതുന്നുണ്ടോ എന്നാണു ബിജെപി നേതാക്കളുടെ ചോദ്യം. അരവിന്ദ് കെജരിവാളും ഹേമന്ത് സോറനും ഉൾപ്പെടെയുള്ള മുഖ്യമന്ത്രിമാരെപ്പോലെ പിണറായി എന്തുകൊണ്ടു ജയിലിൽ പോയില്ല എന്നു രാഹുൽ പറയുന്നതിൽ നിന്നും ജയിലിലായവർക്ക് അർഹിക്കുന്ന ശിക്ഷയാണ് കിട്ടിയത് എന്ന് സമ്മതിക്കുകയല്ലേ എന്നും അവർ ആരാഞ്ഞു. ബിജെപി രാജ്യവ്യാപകമായി ഇത് പ്രചാരണ ആയുധമാക്കുമ്പോൾ അതേപ്പറ്റി ഇന്ത്യ മുന്നണി നേതാക്കളാരും പ്രതികരിച്ചിട്ടില്ല

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com