മോദി പ്രസംഗം: വിമർശിക്കാൻ ഒറ്റക്കെട്ട്

നടപടിയെടുക്കില്ലെന്ന ആത്മവിശ്വാസം പ്രധാനമന്തിക്കുണ്ടായി. നിയമവിരുദ്ധമായ കാര്യമാണ് നടന്നത്. പ്രധാനമന്ത്രിക്കെതിരെ കേസ് എടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു
മോദി പ്രസംഗം: വിമർശിക്കാൻ ഒറ്റക്കെട്ട്

#എം.ബി. സന്തോഷ്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജസ്ഥാനിലെ പ്രസംഗത്തിനെതിരെ എൽഡിഎഫും യുഡിഎഫും ഒറ്റക്കെട്ട്. എന്നാൽ, അതിന്‍റെ പേരിൽ ഇരുകൂട്ടരും പരസ്പരം കുറ്റപ്പെടുത്തുകയും ചെയ്തു. പക്ഷേ, പ്രധാനമന്ത്രിയെ പൂർണമായും ന്യായീകരിച്ച ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ ഒരുപടികൂടി കടന്ന് ആരോപണം കടുപ്പിച്ചു.

പ്രധാനമന്ത്രിയുടെ രാജസ്ഥാനിലെ പ്രസംഗം "തീർത്തും രാജ്യവിരുദ്ധ'മെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിശേഷിപ്പിച്ചത്. രാജ്യത്തെ മുസ്‌ലിങ്ങളെ പേരെടുത്ത് പറഞ്ഞ് ആക്ഷേപിക്കുകയാണ്. സങ്കൽപ്പ കഥകൾ കെട്ടിച്ചമച്ച് മുസ്‌ലിം വിരോധം ജനങ്ങളിൽ വളർത്തുന്ന പ്രചാരണമാണ് നടക്കുന്നത്. മുസ്‌ലിം വിഭാഗത്തെ നുഴഞ്ഞു കയറ്റക്കാരായി വിശേഷിപ്പിച്ചു.പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരേ നടപടി എടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മിഷനാണ്. നടപടിയെടുക്കില്ലെന്ന ആത്മവിശ്വാസം പ്രധാനമന്തിക്കുണ്ടായി. നിയമവിരുദ്ധമായ കാര്യമാണ് നടന്നത്. പ്രധാനമന്ത്രിക്കെതിരെ കേസ് എടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു

ബിജെപിക്ക് ഭയം തുടങ്ങിയെന്നും അതിന്‍റെ ഭാഗമായാണ് രാജസ്ഥാനില്‍ വെള്ളത്തിന് തീ പിടിപ്പിക്കുന്ന വര്‍ഗീയത മോദി പ്രസംഗിച്ചതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി. പ്രധാനമന്ത്രി വിഷം ചീറ്റുകയാണ്. ഡോ. മന്‍മോഹന്‍ സിങ്ങിന്‍റെ കാലത്ത് കൂടുതല്‍ കുട്ടികള്‍ ഉണ്ടാകുന്നവര്‍ക്കാണ് കൂടുതല്‍ സ്വത്ത് നല്‍കേണ്ടതെന്നും അതുകൊണ്ട് സമ്പത്ത് മുഴുവന്‍ മുസ്‌ലിങ്ങള്‍ക്ക് നല്‍കണമെന്നും കോണ്‍ഗ്രസ് പറഞ്ഞെന്നാണ് മോദി പ്രസംഗിച്ചത്. സമ്പത്തിന്‍റെ നീതി പൂര്‍വകമായ വിതരണം നടന്നാല്‍ പട്ടികജാതി പട്ടികവര്‍ഗ വിഭഗങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക പരിഗണന ലഭിക്കും. ആ പ്രസംഗമാണ് മോദി ദുര്‍വ്യാഖ്യാനം ചെയ്ത് വിദ്വേഷ പ്രചരണത്തിന് ഉപയോഗിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. മോദി വ്യക്തമാക്കിയത് കോൺഗ്രസ് നടത്തുന്ന വോട്ട് ബാങ്ക് പ്രീണനമാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രൻ രംഗത്തെത്തി. ക്രിസ്ത്യാനികളോട് കേരളത്തിലെ ഇരു മുന്നണികൾക്കും ചിറ്റമ്മ നയമാണ്. സംവരണം എങ്ങനെയാണ് മുസ്‌ലികൾക്കും ക്രൈസ്തവർക്കും വീതിച്ചത് എന്ന് നോക്കുക. വിഭവങ്ങൾ പങ്കു വയ്ക്കുമ്പോൾ കോൺഗ്രസിന്‍റെ പരിഗണന മുസ്‌ലിങ്ങൾക്കു മാത്രമാണ്. 19 ശതമാനം വരുന്ന ക്രിസ്ത്യാനികളെ ഇരു മുന്നണികളും അവഗണിക്കുന്നു. ലീഗിന്‍റെ വോട്ട് ഇല്ലെങ്കിൽ രാഹുൽ ഗാന്ധിക്ക് 50,000 വോട്ടുപോലും കിട്ടില്ലെന്നും സുരേന്ദ്രൻ വിമർശിച്ചു.

സമ്പത്തിനുമേല്‍ കൂടുതല്‍ അധികാരം മുസ്‌ലിങ്ങള്‍ക്ക്: മോദി

രാജ്യത്തിന്‍റെ സമ്പത്തിനു മേല്‍ കൂടുതല്‍ അധികാരം മുസ്‌ലിങ്ങള്‍ക്കാണെന്ന് കോണ്‍ഗ്രസ് മുമ്പ് പറഞ്ഞിട്ടുണ്ട്. രാജ്യത്തെ ജനങ്ങളുടെ സ്വത്ത് അനധികൃത കുടിയേറ്റക്കാര്‍ക്ക് നല്‍കണോ? സ്ത്രീകളുടെ മാംഗല്യസൂത്രം പോലും പിടിച്ചെടുത്ത് അനധികൃത കുടിയേറ്റക്കാര്‍ക്ക് വിതരണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് പ്രകടനപത്രിക പറയുന്നത് - പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാനിലെ പൊതുയോഗത്തിൽ പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com