തദ്ദേശ സ്ഥാപനത്തിലെ അധ്യക്ഷന്മാരെ പ്രാദേശികമായി തീരുമാനിക്കാമെന്ന് കെപിസിസി; 21 ന് സത്യപ്രതിജ്ഞ
congress flag
തദ്ദേശ സ്ഥാപനത്തിലെ അധ്യക്ഷന്മാരെ പ്രാദേശികമായി തീരുമാനിക്കാമെന്ന് കെപിസിസി; 21 ന് സത്യപ്രതിജ്ഞ
തിരുവനന്തപുരം: കോൺഗ്രസിന് വിജയിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷരെയുൾപ്പെടെ പ്രാദേശിക തലത്തിൽ തീരുമാനിക്കാൻ നിർദേശം. ഇത് സംബന്ധിച്ച മാർഗനിർദേശം ഉടൻ ഡിസിസികൾക്ക് നൽകും. ഘടകകക്ഷികളുമായി അധികാരം പങ്കിടുന്നത് സംബന്ധിച്ച തീരുമാനം ജില്ലാതലത്തിൽ തീരുമാനിക്കും.
മേയർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, നഗരസഭ ചെയർമാൻ എന്നിവരെ ഡിസിസി തലത്തിലുള്ള കോർ കമ്മിറ്റികളാവും നിശ്ചയിക്കുക. മണ്ഡലാടിസ്ഥാനത്തിലുള്ള കോർകമ്മിറ്റികളാവും ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാരെ തീരുമാനിക്കുക. ഡിസിസിതല കോർകമ്മിറ്റിയിൽ കെപിസിസിയിൽനിന്നും മണ്ഡലാടിസ്ഥാനത്തിലുള്ള കമ്മിറ്റിയിൽ ഡിസിസിയിൽനിന്നും നിരീക്ഷണമുണ്ടാകും.
മുഴുവൻ കലാവധിയിലേക്ക് ഒരാൾ തന്നെ അധ്യക്ഷ സ്ഥാനത്ത് തുടരുന്ന വിധം ക്രമീകരിക്കാനാണ് നിർദേശം. നിശ്ചിതകാലത്തിനുശേഷം അധികാരം പങ്കിടേണ്ടിവന്നാൽ വ്യക്തമായ ധാരണ എഴുതിയുണ്ടാക്കും. തർക്കം തീരാതെവന്നാൽ മാത്രം കെപിസിസി തലത്തിലുള്ള ഇടപെടലുണ്ടാകും.
ഘടക കക്ഷികളിൽ മുസ്ലീം ലീഗിനും കേരള കോൺഹഗ്രസ് ജോസഫ് വിഭാഗത്തിനുമാണ് പ്രധാന പരിഗണന. 21-നാണ് പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ. അതിനുശേഷമായിരിക്കും അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പ്. പാർട്ടിക്ക് യോജിക്കാനാവാത്ത കക്ഷികളുമായി തദ്ദേശ സ്ഥാപനങ്ങൾ പിടിക്കാൻ ധാരണ ഉണ്ടാക്കരുതെന്ന കർശന നിർദേശവുമുണ്ട്.

