
വി.കെ. ശ്രീകണ്ഠൻ എംപി.
പാലക്കാട് നിയമസഭാ മണ്ഡലത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കുന്നതിനെ ഏറ്റവും ശക്തമായി എതിർത്ത നേതാക്കളിലൊരാളാണ് വി.കെ. ശ്രീകണ്ഠൻ. എന്നാൽ, ഇപ്പോൾ രാഹുലിനെ പിന്തുണച്ച് രംഗത്തെത്തിയത് കുടുക്കിലാക്കാനെന്ന് വിലയിരുത്തൽ.
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരേ പരാതി ഉന്നയിച്ചവരെ അവഹേളിച്ച് വി.കെ. ശ്രീകണ്ഠൻ എംപി. രാഹുലിനെതിരേ ആരോപണം ഉന്നയിക്കുന്നവരുടെ രാഷ്ട്രീയ പശ്ചാത്തലം പരിശോധിക്കണമെന്നും, അവർ മന്ത്രിമാർക്കൊപ്പം അർധ വസ്ത്രം ധരിച്ചു നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ടെന്നുമാണ് ശ്രീകണ്ഠൻ കണ്ടെത്തിയിരിക്കുന്ന ന്യായം.
ഇവരുടെയൊക്കെ രീതിയും നടപ്പും മന്ത്രിമാരെയൊക്കെ കെട്ടിപ്പിടിച്ചു നിൽക്കുന്നതിന്‍റെയുമൊക്കെ ചിത്രം പുറത്തുവന്നിട്ടുണ്ടെന്നും ശ്രീകണ്ഠൻ ആക്ഷേപിച്ചു.
പരാതിയുള്ളവർ പൊലീസിനെയാണ് സമീപിക്കേണ്ടത്. രാഹുലിനെതിരേ ഒരു പരാതിയും പൊലീസിനു ലഭിച്ചിട്ടില്ല. അതിനാൽ രാഹുൽ എംഎൽഎ സ്ഥാനം രാജിവയ്ക്കേണ്ട ആവശ്യമില്ലെന്നും ശ്രീകണ്ഠൻ പറഞ്ഞു. രാഷ്ട്രീയ ധാർമികതയുടെ പേരിലാണ് രാഹുൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ചതെന്നും ശ്രീകണ്ഠന്‍റെ വിശദീകരണം.
''പുറത്തുവന്ന് രാഹുലിന്‍റെ ഓഡിയോ ആണെന്നു പറയാൻ നിങ്ങളാരാണ്, ഫൊറൻസിക് വിദഗ്ധരോ? എഐ വീഡിയോ പോലും ഇക്കാലത്ത് ഇറക്കാമല്ലോ. ഇതിൽ ഗൂഢാലോചനയുണ്ടോ എന്നറിയില്ല''- ശ്രീകണ്ഠൻ പറഞ്ഞു.
അതേസമയം, യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം സ്വയം രാജിവച്ചതാണെന്ന രാഹുൽ മാങ്കൂട്ടത്തിലിന്‍റെ വാദം ശ്രീകണ്ഠൻ തള്ളുകയും ചെയ്തു. പാർട്ടി ആവശ്യപ്പെട്ടതു പ്രകാരമായിരുന്നു രാജിയെന്നും വിശദീകരണം.
അതേസമയം, പാലക്കാട് നിയമസഭാ മണ്ഡലത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കുന്നതിനെ ഏറ്റവും ശക്തമായി എതിർത്ത നേതാക്കളിലൊരാളാണ് വി.കെ. ശ്രീകണ്ഠൻ. എന്നാൽ, ഇപ്പോൾ രാഹുലിനെ പിന്തുണച്ച് രംഗത്തെത്തിയത് കുടുക്കിലാക്കാനെന്ന് വിലയിരുത്തൽ.
തത്കാലം ആരുടെയും പേര് പറയുന്നില്ല എന്നാണ് ആരോപണം ആദ്യം ഉന്നയിച്ച നടി റിനി ആൻ ജോർജ് പറഞ്ഞത്. എന്നാൽ, പ്രകോപിപ്പിച്ചാൽ പേര് പറയുമെന്നും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ പ്രകോപിപ്പിച്ച് പേര് പറയിക്കാനാണ് ശ്രീകണ്ഠൻ ശ്രമിക്കുന്നതെന്ന സംശയം രാഹുലിന് ഒപ്പം നിൽക്കുന്നവർക്കുണ്ട്.
പരാമർശം വിവാദമായി മിനിറ്റുകൾക്കുള്ളിൽ വാർത്താസമ്മേളനം വിളിച്ച് സ്വയം ന്യായീകരിക്കാൻ ശ്രീകണ്ഠൻ ശ്രമിച്ചെങ്കിലും, കൂടുതൽ വഷളാകുന്ന അവസ്ഥയാണുണ്ടായത്. ആരോപണമുന്നയിച്ച റിനിക്ക് പ്രതിപക്ഷേ നേതാവ് വി.ഡി. സതീശനുമായുള്ള അടുത്തപ്പത്തെക്കുറിച്ച് മാധ്യമ പ്രവർത്തകർ ചോദിച്ചു. പ്രതിപക്ഷ നേതാവിന്‍റെ കൂടെ കേക്ക് മുറിച്ച് വായിൽ വച്ച് കൊടുക്കുന്ന ചിത്രവും നിങ്ങൾ കണ്ടില്ലേ എന്നായിരുന്നു ശ്രീകണ്ഠന്‍റെ മറുചോദ്യം.
അർധ വസ്ത്രം ധരിച്ച ചിത്രങ്ങൾ മാധ്യമങ്ങളാണ് പ്രസിദ്ധീകരിച്ചതെന്നും താനത് ചൂണ്ടിക്കാട്ടുക മാത്രമാണു ചെയ്തതെന്നുമായിരുന്നു ശ്രീകണ്ഠന്‍റെ വിശദീകരണം. അതിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ പരാമർശം പിൻവലിച്ച് ഖേദം പ്രകടിപ്പിക്കുകയാണെന്നും എംപി.