കോൺഗ്രസ് ഗ്രൂപ്പ് പോര് പരസ്യമായ ഏറ്റുമുട്ടലിലേക്ക്

മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ പ്രവർത്തന ശൈലിക്കെതിരേയാണ് എ ഗ്രൂപ്പിന്‍റെ പ്രധാന വിമർശനം
Congress open group fight in Keralam

കെ.സി. വേണുഗോപാൽ - വി.ഡി. സതീശൻ പോര് പരസ്യമാകുന്നു.

MV Graphics

Updated on: 

പി.ബി. ബിച്ചു

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിലെത്തി കേവലം 6 മാസം പിന്നിടുമ്പോൾ തന്നെ കോൺഗ്രസിനുള്ളിലെ ആഭ്യന്തര തർക്കങ്ങളും ഗ്രൂപ്പ് പോരും പരസ്യമായ ഏറ്റുമുട്ടലിലേക്ക്. പാർട്ടിയിലും സർക്കാരിലും കടുത്ത അവഗണന നേരിടുന്നുവെന്നും, ഭരണതലത്തിൽ ഏകോപനമില്ലെന്നും ചൂണ്ടിക്കാട്ടി എ ഗ്രൂപ്പ് നേതാക്കൾ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെ നേരിൽ കണ്ട് പരാതി നൽകിയതോടെയാണ് ഇത് കൂടുതൽ വ്യക്തമായത്.

10 വർഷക്കാലം ഗ്രൂപ്പ് വിവാദങ്ങളില്ലാതിരുന്ന പാർട്ടിയിലെ പുതിയ നീക്കങ്ങളിൽ പ്രവർത്തകരും കടുത്ത അതൃപ്തിയിലാണ്. ഇപ്പോൾ, മുതിർന്ന നേതാവ് കെ.സി. ജോസഫ്, എംപിമാരായ ബെന്നി ബെഹനാൻ, ഷാഫി പറമ്പിൽ എന്നിവരടങ്ങുന്ന സംഘമാണ് ഡൽഹിയിലെത്തി കേന്ദ്ര നേതൃത്വത്തിന് മുന്നിൽ പരാതിക്കെട്ടഴിച്ചത്. ബോർഡ്- കോർപ്പറേഷൻ വിഭജനവുമായി ബന്ധപ്പെട്ട് തർക്കങ്ങളുണ്ടായ സാഹചര്യത്തിലാണ് നിലവിലെ നീക്കമെന്നാണ് വിവരം.

സർക്കാർ തീരുമാനങ്ങൾ അറിയിക്കുന്നില്ലെന്നും ആവശ്യമായ ചർച്ചകൾ മുഖ്യമന്ത്രി നടത്തുന്നില്ലെന്നും ചൂണ്ടിക്കാട്ടി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപിയും എഐസിസി സംഘടനാ ജനറൽ സെക്രട്ടറിയായ കെ.സി. വേണുഗോപാൽ എംപിയുടെ അനുകൂലികളും നേരത്തേ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് എ ഗ്രൂപ്പ് നേതാക്കളും സമാന ആരോപണങ്ങളുയർത്തി ഹൈക്കമാൻഡിന് പരാതി നൽകിയിരിക്കുന്നത്.

മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ പ്രവർത്തന ശൈലിക്കെതിരേയാണ് എ ഗ്രൂപ്പിന്‍റെ പ്രധാന വിമർശനം. നയപരമായ കാര്യങ്ങളിൽ പാർട്ടിയിൽ മതിയായ കൂടിയാലോചനകൾ നടക്കുന്നില്ലെന്നും പല നിർണായക തീരുമാനങ്ങളും മുഖ്യമന്ത്രി ഏകപക്ഷീയമായാണ് എടുക്കുന്നതെന്നും നേതാക്കൾ കുറ്റപ്പെടുത്തി. സർക്കാരിന്‍റെ പല സുപ്രധാന തീരുമാനങ്ങളും കെപിസിസി അധ്യക്ഷനും യുഡിഎഫ് കൺവീനറും അറിയുന്നില്ലെന്നാണ് പരാതിയിലെ പ്രധാന ആരോപണം.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കൊപ്പം നിന്നവരെ സംഘടനാ തലത്തിലും ഭരണതലത്തിലും ബോധപൂർവം അവഗണിക്കുകയാണെന്ന് എ ഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നു. ബോർഡ്, കോർപ്പറേഷൻ നിയമനങ്ങളുമായി ബന്ധപ്പെട്ട ചർച്ചകളിൽ നിന്ന് തങ്ങളെ പൂർണമായി മാറ്റിനിർത്തിയതിൽ നേതാക്കൾ കടുത്ത അമർഷം രേഖപ്പെടുത്തി.

നേരത്തേ തിരുവനന്തപുരത്ത് യോഗം ചേർന്ന എ ഗ്രൂപ്പ് നേതാക്കൾ മുഖ്യമന്ത്രിയെയും കെപിസിസി അധ്യക്ഷനായ മന്ത്രി സണ്ണി ജോസഫിനെയും അതൃപ്തി അറിയിച്ചിരുന്നു. ഇതിന്‍റെ തുടർനടപടികൾ ഉണ്ടാകാത്ത സാഹചര്യത്തിലാണ് കേന്ദ്ര നേതൃത്വത്തെ നേരിട്ട് സമീപിക്കാൻ തീരുമാനിച്ചത്. മുഴുവൻസമയ കെപിസിസി അധ്യക്ഷനെ ഉടൻ നിയമിക്കണമെന്നും സർക്കാരും പാർട്ടിയും തമ്മിലുള്ള ആശയവിനിമയവും ഏകോപനവും ഉറപ്പാക്കാൻ പ്രത്യേക ഏകോപന സമിതി രൂപീകരിക്കണമെന്നും എ ഗ്രൂപ്പ് ആവശ്യപ്പെട്ടു.

വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട് മന്ത്രിസഭാ യോഗത്തിലുണ്ടായ ഭിന്നതകളും അതിന് പിന്നാലെ വാർത്തകൾ ചോർന്നതും വലിയ വിവാദമായിരുന്നു. പാർട്ടിയിലെ ഒരു വിഭാഗം സമ്മർദ തന്ത്രം പയറ്റുകയാണെന്ന പരാതി ഉന്നയിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശനെ അനുകൂലിക്കുന്നവരും നീക്കം നടത്തുന്നുണ്ട്. അതേസമയം, മന്ത്രിസഭാ യോഗത്തിലെ തർക്കങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട് തനിക്കെതിരേ ഉയർന്ന ആരോപണങ്ങൾ മന്ത്രി കെ. മുരളീധരൻ തള്ളി. താൻ ഒളിയമ്പ് എയ്യാറില്ലെന്നും പറയാനുള്ളത് മുഖത്തുനോക്കി പറയുന്നയാളാണെന്നും അദ്ദേഹം വ്യക്തമാക്കി.

തർക്കങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് അടുത്ത ആഴ്ച ഡൽഹിയിലെത്തി എഐസിസി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.