
റായ്പുർ: അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കോൺഗ്രസിന്റെ നിർണായക പ്ലീനറി സമ്മേളനത്തിന് ഇന്നു തുടക്കം. ഛത്തിസ്ഗഡ് തലസ്ഥാനമായ റായ്പുരിൽ ചേരുന്ന ത്രിദിന സമ്മേളനം ദേശീയ തലത്തിലുള്ള സഖ്യരൂപീകരണമുൾപ്പെടെ ചർച്ച ചെയ്യും. പാർട്ടി അധ്യക്ഷനായി മല്ലികാർജുൻ ഖാർഗെയുടെ തെരഞ്ഞെടുപ്പ് അംഗീകരിക്കുക, പുതിയ പ്രവർത്തക സമിതിയെ തെരഞ്ഞെടുക്കുക തുടങ്ങിയവയും സമ്മേളനത്തിന്റെ അജൻഡ.
രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയെ സംബന്ധിച്ചും സമ്മേളനത്തിൽ ചർച്ചയുണ്ടാകും. യാത്ര നൽകിയ ആവേശം മുന്നോട്ടുകൊണ്ടുപോകാനുള്ള മാർഗങ്ങൾ സമ്മേളനം പരിഗണിക്കും. ഗുജറാത്തിൽ നിന്ന് അസമിലേക്ക് രാഹുൽ പദ്ധതിയിടുന്ന യാത്രയെക്കുറിച്ചും ചർച്ചയുണ്ടായേക്കും.
കോൺഗ്രസിന്റെ എൺപത്തഞ്ചാം പ്ലീനറി സമ്മേളനമാണിത്. ആകെ 15,000 പ്രതിനിധികളാണു പങ്കെടുക്കുന്നത്. ഇന്നു സ്റ്റിയറിങ് കമ്മിറ്റി യോഗത്തോടെയാണു തുടക്കം. പ്രവർത്തക സമിതിയിലേക്കു തെരഞ്ഞെടുപ്പു വേണമോ എന്ന് ഇന്നു തീരുാനിക്കും. പാർട്ടിയിലെ യുവാക്കൾക്ക് തെരഞ്ഞെടുപ്പിനോടാണു താത്പര്യം. എന്നാൽ, തെരഞ്ഞെടുപ്പ് പാർട്ടിയിൽ വിഭാഗീയതയുണ്ടാക്കുമെന്നും നാമനിർദേശമാണു നല്ലതെന്നുമാണു മുതിർന്ന നേതാക്കളുടെ നിലപാട്. പാർട്ടി അധികാരത്തിലുള്ള ഛത്തിസ്ഗഡ്, രാജസ്ഥാൻ, പ്രധാന പ്രതിപക്ഷമായ കർണാടക, മധ്യപ്രദേശ് എന്നിവിടങ്ങളിൽ ഈ വർഷം നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കെ പാർട്ടിയിലെ ഐക്യത്തിന് ഉടവുതട്ടുന്നതൊന്നും പാടില്ലെന്നും ഇവർ പറയുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിനു മുൻപ് ആത്മവിശ്വാസമുയർത്താൻ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ വിജയം അനിവാര്യമാണു കോൺഗ്രസിന്.
തെരഞ്ഞെടുപ്പിലൂടെ 12 പേരും നാമനിർദേശത്തിലൂടെ 11പേരുമുൾപ്പെടെ 25 അംഗങ്ങളാണു പ്രവർത്തകസമിതിയിൽ. പാർട്ടി അധ്യക്ഷനും പാർലമെന്ററി പാർട്ടി നേതാവുമാണ് മറ്റ് അംഗങ്ങൾ. 1997ൽ സീതാറാം കേസരി പ്രസിഡന്റായിരിക്കെയാണ് പ്രവർത്തക സമിതിയിലേക്ക് അവസാനമായി തെരഞ്ഞെടുപ്പു നടന്നത്. പാർട്ടി അധ്യക്ഷ സ്ഥാനത്തേക്ക് ഖാർഗെയ്ക്കെതിരേ മത്സരിച്ച ശശി തരൂർ പ്രവർത്തക സമിതിയിലെത്തുമോ എന്നത് ആകാംക്ഷയ്ക്കിട നൽകുന്നുണ്ട്. താൻ മത്സരിക്കില്ലെന്നു തരൂർ നേരത്തേ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ തരൂരിനെ നാമനിർദേശം ചെയ്യാൻ നേതൃത്വം തയാറാകുമോ എന്നതാണ് അറിയാനിരിക്കുന്നത്.
കോൺഗ്രസ് ഇല്ലാതെ പ്രതിപക്ഷ സഖ്യം യാഥാർഥ്യമാവില്ലെന്ന് പാർട്ടി നേതൃത്വം പലതവണ പറഞ്ഞെങ്കിലും തൃണമൂൽ കോൺഗ്രസും ബിആർഎസും എഎപിയും സ്വന്തം നിലയ്ക്ക് മുന്നണി രൂപീകരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. മഹാസഖ്യത്തിനായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വിളിച്ച യോഗം നാളെയാണെന്നതും ശ്രദ്ധേയം.