ആലപ്പുഴ: തോട്ടപ്പള്ളിയിലെ കരിമണൽ ഖനനത്തിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധത്തിനൊരുങ്ങി കോൺഗ്രസ്. ഖനന ഭൂമിയിൽ സമര പ്രഖ്യാപന പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ഓഗസ്റ്റ് 30ന് മുമ്പ് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവർത്തകരെ പങ്കെടുപ്പിച്ച് മണൽ ലോറികൾ തടയാനാണ് നീക്കം.
2018 ലെ പ്രളയത്തിന് ശേഷം കുട്ടനാടിനെ വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷിക്കാൻ എന്ന പേരിലാണ് തോട്ടപ്പള്ളിയിലെ മണൽ നീക്കം സർക്കാർ ആരംഭിച്ചത്. എന്നാൽ വർഷം മുഴുവൻ ഖനനം നടത്താൻ കെഎംഎംഎല്ലിന് അനുമതി നൽകിയുള്ള തീരുമാനമാണ് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയത്. തൊട്ടപ്പള്ളിയിലെ മണലെടുപ്പിന് എതിരെ അതിശക്തമായ പ്രതിഷേധം സംഘടിപ്പിക്കാൻ ആണ് കോൺഗ്രസ് നീക്കം. ഖനന വിരുദ്ധ സമതിയോടൊപ്പം ചേർന്നാണ് സമര പരിപാടികൾ നടത്തുക.
പൊഴിമുറിക്കലിന്‍റെ ഭാഗമായി കഴിഞ്ഞകാലങ്ങളിൽ നടത്തിയ മണൽ കടത്തുമൂലം വലിയതോതിലുള്ള തീരശോഷണമാണ് സംഭവിക്കുന്നത്. ദുരന്ത നിവാരണത്തിന്‍റെ മറവിൽ കെ.എം.ആർ.എല്ലിന് വേണ്ടി കോടികൾ വിലമതിക്കുന്ന കരിമണൽ കടത്താണ് സർക്കാർ ലക്ഷ്യമിടുന്നതെന്നാണ് ആരോപണം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയന്‍റെ കമ്പനിയും കരിമണൽ കർത്തയുമായുള്ള പണമിടപാടുകൾ അടക്കം പുറത്തുവന്നതും ശക്തമായ രഷ്ട്രീയ ആയുധമായി കോൺഗ്രസ് ഉയർത്തിക്കൊണ്ടു വരുന്നു.