വട്ടം ചുറ്റാൻ കോൺഗ്രസ് കൊടിയും എസ്ഡിപിഐ പിന്തുണയും

രാഹുൽ ഗാന്ധി പാകിസ്ഥാൻ പതാകയുമായി റോഡ് ഷോ നടത്തുന്നു എന്ന പ്രചാരണം അമേഠിയിലെ തോൽവിക്ക് കാരണമായെന്നും ചില കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുകയും ചെയ്തു
വട്ടം ചുറ്റാൻ കോൺഗ്രസ് കൊടിയും എസ്ഡിപിഐ പിന്തുണയും
Updated on

#എം.ബി. സന്തോഷ്

തിരുവനന്തപുരം: കോൺഗ്രസിന്‍റെ പതാകാ വിവാദത്തിലും എസ്ഡിപിഐ പിന്തുണയിലും വട്ടംചുറ്റി കേരളത്തിലെ തെരഞ്ഞെടുപ്പ് രംഗം.

വ്യാഴാഴ്ച രാഹുൽ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനോടനുബന്ധിച്ച് വയനാട്ടിൽ റോഡ് ഷോ നടത്തിയപ്പോൾ മുസ്‌ലിം ലീഗ് പതാക ഒഴിവാക്കാൻ കോൺഗ്രസ് സ്വന്തം പതാകയും വേണ്ടെന്നുവച്ചു എന്നായിരുന്നു പ്രചാരണം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് കൊടിയെ പാകിസ്ഥാൻ പതാകയാണെന്ന് ബിജെപി ഉത്തരേന്ത്യയിൽ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. രാഹുൽ ഗാന്ധി പാകിസ്ഥാൻ പതാകയുമായി റോഡ് ഷോ നടത്തുന്നു എന്ന പ്രചാരണം അമേഠിയിലെ തോൽവിക്ക് കാരണമായെന്നും ചില കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുകയും ചെയ്തു. ആ പശ്ചാത്തലത്തിലാണ് ഇത്തവണ ഒരു കൊടിയും റോഡ് ഷോയ്ക്ക് വേണ്ടെന്ന തീരുമാനത്തിലേക്കെത്തിയത് എന്നായിരുന്നു പ്രചാരണം.

വ്യാഴാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ ഈ ആരോപണം കോൺഗ്രസ് പതാകയുടെ ചരിത്രം പറഞ്ഞ് കടുപ്പിച്ചു. ‘ത്രിവര്‍ണ്ണ പതാക കോണ്‍ഗ്രസ് ഉപേക്ഷിക്കയാണോ? ത്രിവര്‍ണപതാക കോണ്‍ഗ്രസ് ഉപേക്ഷിക്കണം എന്നത് സംഘപരിവാർ ഉയര്‍ത്തിയ ആവശ്യമാണ്. അതിന് വഴങ്ങുകയാണോ പുതിയ കോണ്‍ഗ്രസ് ചെയ്യുന്നത്?’-മുഖ്യമന്ത്രി ചോദിച്ചു.

അതിന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി ആക്റ്റിങ് പ്രസിഡന്‍റ് എം.എം. ഹസനും ഇന്ദിര ഭവനില്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലെ മറുപടി ഇങ്ങനെ: “രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോ എങ്ങനെ നടത്തണമെന്ന് എകെജി സെന്‍ററില്‍ തീരുമനിക്കേണ്ട. പിണറായി വിജയന്‍ എല്‍ഡിഎഫിന്‍റെ കാര്യം നോക്കിയാല്‍ മതി’.

അതിനിടെ, കേരളത്തിൽ എൽഡിഎഫും ദേശീയ തലത്തിൽ ബിജെപിയും കോൺഗ്രസിനെതിരെ രാഷ്‌ട്രീയ ആക്രമണം കടുപ്പിച്ച സാഹചര്യത്തിൽ എസ്ഡിപിഐ യുഡിഎഫിന് പ്രഖ്യാപിച്ച പിന്തുണ വേണ്ടെന്ന് യുഡിഎഫിന് തീരുമാനിക്കേണ്ടി വന്നതാണ് ഇന്നലത്തെ പ്രധാന രാഷ്‌ട്രീയ തീരുമാനം. എസ്ഡിപിഐ പിന്തുണ “യുഡിഎഫ് സ്ഥാനാർഥിക്ക് കിട്ടുന്ന അംഗീകാരവും സ്ഥാനാർഥിയുടെ മിടുക്കുമാണ്’എന്ന് കെപിസിസി പ്രസിഡന്‍റും കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥിയുമായ കെ. സുധാകരൻ അവകാശപ്പെട്ടതിന്‍റെ പിറ്റേന്നു തന്നെ ആ പിന്തുണ വേണ്ടെന്ന രാഷ്‌ട്രീയ തീരുമാനം യുഡിഎഫിൽ നിന്നുണ്ടായി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com