

വിഴിഞ്ഞം തുറമുഖത്തിന്‍റെ രണ്ടാംഘട്ട നിർമാണപ്രവർത്തനത്തിന് തുടക്കം
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്‍റെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം. ശനിയാഴ്ച വൈകിട്ട് പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യാതിഥിയായി. ഒരുപാട് പ്രയാസങ്ങളും പ്രതിബന്ധങ്ങളും പദ്ധതി നടപ്പാക്കുന്നതിൽ നേരിട്ടതായി മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ അവയെല്ലാം അതിജീവിച്ച് വിഴിഞ്ഞം വിസ്മയമായെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തുറമുഖത്തിന്‍റെ സമ്പൂർണ വികസനമാണ് ഈ ഘട്ടത്തിൽ പൂർത്തിയാകുക. 2028 ഓടെ നിർമാണം പൂർത്തിയായി വിഴിഞ്ഞം പൂർണ സജ്ജമാകും.
10,000 കോടി രൂപയുടെ നിർമാണപ്രവർത്തനങ്ങളാണ് ഈ ഘട്ടത്തിൽ നടക്കുക. റെയിൽവേ യാർഡ്, മൾട്ടി പർപ്പസ് ബെർത്ത്, ലിക്വിഡ് ടെർമിനൽ, ടാങ്ക് ഫാം എന്നിവയും രണ്ടാംഘട്ടത്തിൽ ഉൾപ്പെടും. 2028 ഓടെ വിഴിഞ്ഞം പദ്ധതി പൂർത്തിയാക്കുന്നതോടെ തുറമുഖത്തിന്‍റെ ശേഷി അഞ്ചിരട്ടിയായി ഉയരും. 2025 മെയ് 2നാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഔദ്യോഗികമായി കമ്മീഷൻ ചെയ്തത്.