
കൊച്ചി: പൊലീസ് ഉദ്യോഗസ്ഥർ വീട്ടിൽ നിന്നും യൂണിഫോം അണിഞ്ഞ് ഡ്യൂട്ടിക്കു വരണമെന്ന എറണാകുളം റേഞ്ച് ഡിഐജിയുടെ സർക്കുലർ വിവാദത്തിൽ. കണ്ണൂർ റെയ്ഞ്ച് ഡിഐജി പുട്ട വിമലാദിത്യയുടെ സർക്കുലർ എറണാകുളം , കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിലാണ് എത്തിയത്.
ഷൂസും തൊപ്പിയും ആവശ്യമില്ലാത്ത സാധനങ്ങളും കൂട്ടിയിടാനുള്ള സ്ഥലമായി സ്റ്റേഷനിലെ വിശ്രമ മുറികൾ മാറിയെന്നും അടിവസ്ത്രങ്ങൾ വരെ ഇവിടെ അലക്കിയിടുന്നത് പരിശോധനയിൽ കണ്ടെത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കുലർ പുറത്തിറക്കിയത്.
ചില സ്റ്റേഷനുകളിലെ വിശ്രമമുറികളുടെ ചിത്രങ്ങളും സർക്കുലറിൽ ഉൾപ്പെടുത്തിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിൽ ഈ മാസം 30 അകം വിശ്രമമുറികൾ വൃത്തിയാക്കി ഫോട്ടോ സഹിതം റിപ്പോർട്ടു ചെയ്യാനും ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, വീട്ടിൽ നിന്നും യൂണിഫോം ധരിച്ചെത്തി മടങ്ങുന്നതു വരെ അതേ വേഷത്തിൽ തുടരുന്നതിൽ പ്രയോഗിക പ്രശ്നമുണ്ടെന്നാണ് പൊലീസ് ഉദ്യോഗസ്ഥരുടെ വാദം . ഇതുമായി ബന്ധപ്പെട്ട് പൊലീസിന്‍റെ സമൂഹ മാധ്യമ ഗ്രൂപ്പുകളിൽ പ്രതിഷേധങ്ങൾ വ്യാപകമാണ്. ഇതുമായി ബന്ധപ്പെട്ട് കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ, കേരള പൊലീസ് അസോസിയേഷൻ എന്നിവയുടെ ഭാരവാഹികൾ ഇന്നലെ ഡിഐജിയെ കണ്ട് ആശങ്ക അറിയിച്ചിട്ടുണ്ട്.