തിരശീല വീഴാതെ 'കക്കുകളി' വിവാദം

ഫ്രാൻസിസ് നൊറോണയുടെ ചെറുകഥയെ അടിസ്ഥാനമാക്കിയുള്ള നാടകം നിരോധിക്കണമെന്ന് കെസിബിസി, വിമർശനത്തിനു പിന്നിൽ അജണ്ടയെന്ന് സംവിധായകൻ‌ ജോബ് മഠത്തിൽ.
തിരശീല വീഴാതെ 'കക്കുകളി' വിവാദം
Updated on

കക്കുകളി എന്ന നാടകവുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നു. നാടകത്തിന്‍റെ പ്രദർശനം നിരോധിക്കണമെന്ന് കെസിബിസി സംസ്ഥാന സർ‌ക്കാരിനോട് ആവശ്യപ്പെട്ടതിനു പിന്നാലെ വിമർശനത്തിനെതിരേ രംഗത്തെത്തിയിരിക്കുകയാണ് നാടകത്തിന്‍റെ സംവിധായകൻ‌ ജോബ് മഠത്തിൽ. കക്കുകളിക്കെതിരേയുള്ള വിവാദങ്ങൾക്കു പിന്നിൽ അജണ്ടയുണ്ടെന്നും നാടകം കണ്ടതിനു ശേഷം വിമർശിക്കൂ എന്നുമാണ് ജോബ് പറയുന്നത്.

സാഹിത്യകാരൻ ഫ്രാൻസിസ് നൊറോണ എഴുതിയ കക്കുകളി എന്ന ചെറുകഥയെ അടിസ്ഥാനമാക്കിയാണ് നാടകം രചിച്ചിരിക്കുന്നത്. യുവതിയായ കന്യാസ്ത്രീയെ കേന്ദ്രീകരിച്ചാണ് ബന്ധപ്പെട്ടാണ് നാടകം പുരോഗമിക്കുന്നത്. ആലപ്പുഴയിലെ നെയ്തൽ നാടക സംഘമാണ് നോറൊണയുടെ കഥ നാടകമാക്കിയത്.

നാടകം ക്രിസ്ത്യൻ സന്യാസജീവിതത്തെ തേജോവധം ചെയ്യുന്നുവെന്ന് കെസിബിസി ആരോപിച്ചിരുന്നു. എന്നാൽ, ഈ വിവാദങ്ങളെയെല്ലാം സംവിധായകൻ തള്ളിക്കളയുകയാണ്. കഴിഞ്ഞ ഒരു വർഷത്തോളമായി 17 സ്റ്റേജുകളിൽ കക്കുകളി അവതരിപ്പിച്ചു കഴിഞ്ഞു. ഒരു യുവതി കന്യാസ്ത്രീ മഠത്തിലെത്തുന്നതുമായി ബന്ധപ്പെട്ട് പൗരോഹിത്യ മേൽക്കോയ്മയെക്കുറിച്ചാണ് നാടകം പറയുന്നത്. ഈ നാടകത്തിൽ ഏതു ഭാഗമാണ് പ്രകോപനപരമെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറയുന്നു. രാഷ്ട്രീയ കക്ഷികൾ നാടകത്തെ എതിർത്തും പിന്തുണച്ചും രംഗത്തെത്തിയിട്ടുണ്ട്.

കേരളത്തിലെ സാസ്കാരിക-സാമൂഹിക മണ്ഡലങ്ങളുടെ വികസനത്തിലും വിദ്യാഭ്യാസ മേഖലയിലും ക്രിസ്തീയ സമൂഹം വഹിച്ച പങ്കു വലുതാണെന്നും കക്കുകളി എന്ന നാടകം ക്രിസ്ത്യൻ വിഭാഗത്തെ അസ്വസ്ഥരാക്കുന്നുവെങ്കിൽ അതേക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ പറയുന്നു. നാടകവുമായി സംബന്ധിച്ച് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അതു പരിശോധിക്കേണ്ടിയിരിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ഏതെങ്കിലും മതത്തെയോ വിശ്വാസങ്ങളെയോ ചോദ്യം ചെയ്യുന്നതിനെ പാർട്ടി ഒപ്പം നിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കക്കുകളിയെന്ന നാടകം മറ്റു മതവിഭാഗങ്ങൾക്കിടയിൽ ക്രിസ്ത്യൻ സന്യാസ ജീവിതത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നുവെന്ന് കെസിബിസി പ്രസിഡന്‍റ് കർദിനാൾ‌ ബസേലിയോസ് ക്ലീമിസ് പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. വിഷയത്തിൽ രാഷ്ട്രീയ പാർട്ടികൾ സ്വീകരിക്കുന്ന നിലപാടിനെയും അദ്ദേഹം വിമർശിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com