
ഭരണഘടനാ വിരുദ്ധമായ നടപടി, ഗവർണറെ തിരിച്ചു വിളിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകി സിപിഐ
file image
തിരുവനന്തപുരം: രാജ്ഭവനിലെ ഭാരതാംബ വിവാദത്തിൽ ഗവർണർക്കെതിരേ രാഷ്ട്രപതിക്ക് പരാതിയുമായി സിപിഐ നേതാവും എംപിയുമായ സന്തോഷ് കുമാർ. ഭരണഘടനാവിരുദ്ധമായ നടപടിയാണ് ഗവർണറുടെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നതെന്നും, ഗവർണറെ തിരിച്ചു വിളിക്കണമെന്നുമാണ് രാഷ്ട്രപതിക്കയച്ച കത്തിൽ പറയുന്നത്.
ആർഎസ്എസ് പരിപാടികൾക്ക് ഉപയോഗിക്കുന്ന ഭാരതാംബയുടെ ചിത്രം രാജ്ഭവനിൽ നിന്നു മാറ്റില്ലെന്നാണ് ഗവർണറുടെ തീരുമാനം. ഇതോടെ സർക്കാരും ഇടഞ്ഞു. വിവാദത്തിനു പിന്നാലെ പുതിയ ക്യാംപെയ്നുമായി സിപിഐ രംഗത്തെത്തി. ദേശീയ പതാക ഉയർത്തി വൃക്ഷത്തൈ നട്ട് ശനിയാഴ്ച സിപിഐ ക്യാംപെയിനു തുടക്കം കുറിക്കും.
കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം രാജ്ഭവനിൽ നിന്ന് മാറ്റാൻ ആവശ്യപ്പെട്ടിട്ടും ഗവർണർ തയാറാവാതെ വന്നതോടെ വ്യാഴാഴ്ച രാജ്ഭവനിൽ നടക്കാനിരുന്ന സംയുക്ത പരിസ്ഥിതി ദിനാഘോഷം കൃഷി മന്ത്രി പി. പ്രസാദ് ബഹിഷ്കരിച്ചതോടെയാണ് വിവാദത്തിന് തുടക്കം. പിന്നാലെ ഗവർണർക്കെതിരേ പ്രതിപക്ഷ നേതാവും സിപിഎം സംസ്ഥാന സെക്രട്ടറിയും അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു.