'ദയാവധത്തിന് തയാർ..'; ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതില്‍ പ്രതിഷേധവുമായി ദമ്പതികള്‍

ക്ഷേമ പെൻഷൻ മുടങ്ങിയതിനെതിരേ ഇടുക്കിയിൽ വീണ്ടും പ്രതിഷേധം
Video Screenshot
Video Screenshot

ഇടുക്കി: സംസ്ഥാന സർക്കാരിന്‍റെ ക്ഷേമ പെൻഷൻ മുടങ്ങിയതിൽ ഇടുക്കിയിൽ വീണ്ടും പ്രതിഷേധം. ‘ദയാവധത്തിന് തയാർ’ എന്ന ബോർഡ് സ്ഥാപിച്ച് വയോധിക ദമ്പതിമാർ അടിമാലി അമ്പലപ്പടിയിൽ പ്രതിഷേധിച്ചു. ഭിന്നശേഷിക്കാരിയായ ഓമനയും (60) ഭർത്താവ് ശിവദാസുമാണ് (72) ഇവരുടെ പെട്ടിക്കടയുടെ മുന്നിൽ ബോർഡ് സ്ഥാപിച്ചത്.

കുളമാങ്കുഴി ആദിവാസി മേഖലയിൽ ഓമന- ശിവദാസ് ദമ്പതികൾക്ക് ഭൂമിയുണ്ടെങ്കിലും വന്യമൃഗ ശല്യമുള്ളതിനാൽ ഇവിടെ നിന്ന് ആദായം ലഭിക്കുന്നില്ല. വന്യമൃഗ ആക്രമണമുള്ളതിനാൽ പെട്ടിക്കടയിൽ തന്നെയാണ് ഇവർ കഴിയുന്നത്. പെട്ടിക്കടയിലെ വരുമാനം നിലച്ചതോടെ ഇവർ സാമ്പത്തിക ബുദ്ധിമുട്ടിലായി. ജീവിത മാർഗത്തിനുള്ള ഏക ആശ്രയം സർക്കാർ നൽകുന്ന പെൻഷനായിരുന്നു. പെൻഷൻ മുടങ്ങിയതോടെ ജീവിതം ദുരിതത്തിലായെന്ന് ദമ്പതികൾ പറഞ്ഞു.

സംസ്ഥാന സർക്കാരിന്‍റെ ക്ഷേമ പെൻഷൻ മുടങ്ങിയതിനെ തുടർന്ന് ഇടുക്കി അടിമാലിയിൽ 70കാരിയായ മറിയക്കുട്ടിയും അന്നമ്മയും നടത്തിയ പ്രതിഷേധം വലിയ വാർത്തയായിരുന്നു. ഇതിന് പിന്നാലെ രണ്ട് ദിവസം മുമ്പ് 90കാരിയായ പൊന്നമ്മയും പെൻഷന് വേണ്ടി തെരുവിലിറങ്ങി. വണ്ടിപ്പെരിയാറിലായിരുന്നു പൊന്നമ്മയുടെ പ്രതിഷേധം. റോഡിന് നടുവിൽ കസേര ഇട്ടിരുന്നായിരുന്നു പ്രതിഷേധം. തുടർന്ന് പൊലീസ് ഇടപെട്ട് പൊന്നമ്മയെ അനുനയിപ്പിച്ചു. വിഷയത്തിൽ ഇടപെട്ട കോൺഗ്രസും ബിജെപിയും പൊന്നമ്മയ്ക്ക് സംരക്ഷണം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com