

വിനീഷ്, ശോഭ
തിരുവനന്തപുരം: 2009ൽ ഗുണ്ടാനേതാവായ ആൽത്തറ വിനീഷിനെ തിരുവനന്തപുരം പൊലീസ് ആസ്ഥാനത്ത് വച്ച് കൊലപ്പെടുത്തിയ കേസിൽ മുഴുവൻ പ്രതികളെയും കോടതി വെറുതെ വിട്ടു.
വനിതാ ഗുണ്ട ശോഭ ജോൺ ഉൾപ്പടെ 9 പ്രതികളെയാണ് വെറുതെ വിട്ടത്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. സംസ്ഥാനത്ത് ഗുണ്ടാ നിയമപ്രകാരം അറസ്റ്റിലായ ആദ‍്യ വനിതാ കുറ്റവാളിയാണ് ശോഭ ജോൺ.
രണ്ടു കൊലപാതകം ഉൾപ്പടെ ഒട്ടേറെ കേസുകളിൽ പ്രതിയാണ് വിനീഷ്. വിചാരണയ്ക്കിടെ കേസിലെ പ്രധാന സാക്ഷികൾ മരിച്ചതും മറ്റു സാക്ഷികളുടെ കൂറുമാറ്റവുമാണ് തിരിച്ചടിയായത്. കേപ്പൻ അനിൽ എന്ന അനിൽ കുമാർ കേസിലെ ഒന്നാം പ്രതിയും ശോഭാ ജോൺ മൂന്നാം പ്രതിയുമാണ്. പൂക്കട രാജൻ, ചന്ദ്രബോസ്, അറപ്പ് രതീഷ്, സജു, വിമൽ, രാധാകൃഷ്ണൻ എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.