മുത്തൂറ്റ് ഇൻഷുറൻസ് ബ്രോക്കേഴ്സ് തട്ടിപ്പ് കേസ്: പ്രതിക്ക് വിദേശയാത്ര അനുമതി നിഷേധിച്ച് കോടതി

ആരോപണം അതീവ ഗൗരവതരമെന്ന് നിരീക്ഷണം. പ്രതി അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലീസ്
Court denies permission to travel abroad to the accused in Muthoot Insurance Brokers fraud case

മുത്തൂറ്റ് ഇൻഷുറൻസ് ബ്രോക്കേഴ്സ് തട്ടിപ്പ് കേസ്: പ്രതിക്ക് വിദേശയാത്ര അനുമതി നിഷേധിച്ച് കോടതി

പ്രതീകാത്മക ചിത്രം

Updated on

കൊച്ചി: മുത്തൂറ്റ് ഇൻഷുറൻസ് ബ്രോക്കേഴ്സ് തട്ടിപ്പ് കേസിലെ മുഖ്യ പ്രതിയും, മുത്തൂറ്റ് ഫിനാൻസ് ബിസിനസ് പെർഫോമൻസ് (സൗത്ത്) മുൻ ചീഫ് ജനറൽ മാനേജരുമായ രഞ്ജിത് കുമാർ രാമചന്ദ്രന്, വിദേശയാത്ര നടത്തുന്നതിൽ അനുമതി നിഷേധിച്ച് കോടതി. ഫ്രാൻസിൽ നടക്കുന്ന, ആഗോള ലീഡർഷിപ്പ് സംരംഭത്തിൽ പങ്കെടുക്കാനായി, കേരളത്തിന് പുറത്തുപോകാൻ അനുമതി തേടിയുള്ള രഞ്ജിത് കുമാറിന്‍റെ അപേക്ഷ എക്കണോമിക് ഒഫൻസസ് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് തള്ളിയത്.

അതേസമയം, പ്രതി അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. പാസ്‌പോർട്ട് വിട്ടുകിട്ടുന്നതിനായി പ്രതി സമർപ്പിച്ച മറ്റൊരു അപേക്ഷയും കോടതി നിരസിച്ചു.

പ്രോസിക്യൂഷൻ ഹാജരാക്കിയ രേഖകളും, കേസും പരിശോധിക്കുമ്പോൾ, ഹർജിക്കാരനെതിരേയുള്ള ആരോപണം ഗുരുതര സ്വഭാവമുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. പ്രതി ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്നും, പാസ്‌പോർട്ട് വിട്ടുനൽകിയാൽ തട്ടിപ്പിലൂടെ ലഭിച്ച പണം വിദേശത്തേക്ക് മാറ്റിയോ എന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തെ ബാധിക്കുമെന്നും പ്രോസിക്യൂഷൻ പ്രത്യേകം വാദിച്ചു.

പ്രതിയുടെ അപേക്ഷയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു. രഞ്ജിത്ത് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും, യാത്രാ നിയന്ത്രണത്തിൽ ഇളവ് വരുത്തിയാൽ, പ്രതി ഒളിവിൽ പോകുമെന്നും വാദിച്ചു. ഇത് കേസ് അന്വേഷണത്തെ ഗുരുതരമായി ബാധിക്കുമെന്നും അന്വേഷണ സംഘം സമർപ്പിച്ച എതിർപ്പിൽ ചൂണ്ടിക്കാട്ടി. തുടർന്ന്, അന്വേഷണത്തോട് സഹകരിക്കണമെന്നും, ആവശ്യപ്പെടുമ്പോൾ പൊലീസ് കസ്റ്റഡിക്ക് വിധേയനാകണമെന്നുമുള്ള ഹൈക്കോടതി ഏർപ്പെടുത്തിയ വ്യവസ്ഥകൾ കോടതി പ്രത്യേകം എടുത്തുപറഞ്ഞു.

തട്ടിപ്പ് കേസിൽ പ്രതിക്ക് അനുവദിച്ച മുൻകൂർ ജാമ്യവും, ജാമ്യവ്യവസ്ഥയിൽ വരുത്തിയ ഇളവുകളും ചോദ്യം ചെയ്ത്, പരാതിക്കാരൻ സുപ്രീം കോടതിയിൽ ഹ‍ർജി സമർപ്പിച്ചിട്ടുള്ളതും, കോടതിയുടെ തീരുമാനത്തിന് കാരണമായി. ഈ വിഷയം നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.

മുമ്പ് ജാമ്യവ്യവസ്ഥയിൽ മാറ്റം വരുത്താനുള്ള ഹർജിക്കാരന്‍റെ ശ്രമങ്ങൾ പരാജയപ്പെട്ടതും കോടതിയുടെ നിരാകരണത്തെ സ്വാധീനിച്ചു. കഴിഞ്ഞ ജൂലൈ 30 ന് മുൻകൂർ ജാമ്യം ലഭിച്ചപ്പോൾ, കോടതിയെ സമീപിച്ച് വ്യവസ്ഥയിൽ മാറ്റം വരുത്താൻ സ്വാതന്ത്ര്യം നൽകിയിരുന്നു. എന്നാൽ ഹർജിക്കാരൻ പകരം ഓഗസ്റ്റിൽ ഹൈക്കോടതിയെ സമീപിച്ച് കേരളം വിട്ടുപോകുന്നതിലുള്ള നിയന്ത്രണം മാറ്റാൻ ശ്രമിക്കുകയായിരുന്നു ഉണ്ടായത്. ഈ അപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.

കുറ്റത്തിന്‍റെ സ്വഭാവം, ഗൗരവം, അന്വേഷണ ഘട്ടം, പ്രതിയുടെ നിസഹകരണം തുടങ്ങിയ എല്ലാ ഘടകങ്ങളും പരിഗണിച്ചാണ് കോടതി, പ്രതിക്ക് ഹൈക്കോടതി ഏർപ്പെടുത്തിയ ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകാൻ സാധിക്കില്ലെന്ന് വ്യക്തമാക്കി അപേക്ഷ തള്ളിയത്. മുത്തൂറ്റ് ഫിനാൻസിന്‍റെ ഉടമസ്ഥതയിലുള്ള മുത്തൂറ്റ് ഇൻഷുറൻസ് ബ്രോക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡിലാണ് കേസിന് ആസ്പദമായ തട്ടിപ്പ് നടന്നത്. മുത്തൂറ്റ് ഇൻഷുറൻസ് ബ്രോക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ തോമസ് പി. രാജനും കേസിൽ പ്രതിയാണ്. സ്ഥാപനത്തിൽ ഉന്നത സ്ഥാനങ്ങൾ അലങ്കരിച്ചിരുന്ന പ്രതികൾ, ജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾക്കായി വകയിരുത്തിയ 11.92 കോടി രൂപയിലാണ് തിരിമറി നടത്തിയത്. 2023 ഏപ്രിൽ മുതൽ 2024 നവംബർ വരെയുള്ള കാലയളവിൽ തട്ടിപ്പ് നടന്നതായാണ് പൊലീസിന്‍റെ കണ്ടെത്തൽ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com