
കൽപ്പറ്റ: വയനാട് ഡിസിസി ട്രഷറർ എൻ.എം. വിജയന്‍റേയും മകന്‍റേയും മരണത്തിൽ പ്രതിചേർക്കപ്പെട്ട കോൺഗ്രസ് നേതാക്കളെ ജനുവരി 15 വരെ അറസ്റ്റ് ചെയ്യരുതെന്ന് വാക്കാൽ കോടതി നിർദേശം. വയനാട് പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് നിർദേശം. ഡിസിസി പ്രസിഡന്‍റ് എൻ.ഡി. അപ്പച്ചൻ, ഐ.സി. ബാലകൃഷ്ണൻ എംഎൽഎ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചാണ് കോടതിയുടെ നിർദേശം.
കേസിൽ എപ്പോൾ വേണമെങ്കിലും അറസ്റ്റ് ഉണ്ടായേക്കുമെന്ന് കരുതിയിരിക്കെയാണ് ഇതിനെതിരെ കോടതി നിർദേശം നൽകിയത്. കേസ് ഡയറി ജനുവരി 15 ന് ഹാജരാക്കാൻ പൊലീസിനോട് കോടതി ആവശ്യപ്പെട്ടു. അതുവരെ അറസ്റ്റു ചെയ്യരുതെന്നാണ് നിർദേശം.
ആത്മഹത്യാക്കുറിപ്പ് പുറത്തുവിട്ടതിന് പിന്നാലെ എൻ.എം. വിജയൻ കെപിസിസി നേതൃത്വത്തിന് എഴുതിയ കത്ത് കുടുംബം പുറത്തുവിട്ടിരുന്നു. ഇതിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയെന്ന് പറയുന്ന നേതാക്കളുടെ പേരുകളിലാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയത്.