
കെ.എം. ഷാജഹാൻ
കൊച്ചി: സിപിഎം നേതാവ് കെ.ജെ. ഷൈനിനെതിരേ അപവാദ പ്രചാരണം നടത്തിയെന്ന കേസിൽ അറസ്റ്റിലായ യൂട‍്യൂബർ കെ.എം. ഷാജഹാന് ജാമ‍്യം അനുവദിച്ചു. 25,000 രൂപയുടെ ബോണ്ട് ഉൾപ്പടെയുള്ള ഉപാധികളോടെ എറണാകുളം സിജെഎം കോടതിയാണ് ഷാജഹാന് ജാമ‍്യം അനുവദിച്ചത്.
സമാന കുറ്റകൃത‍്യം ആവർത്തികരുതെന്ന് ഷാജഹാന് കോടതി നിർദേശം നൽകി. ഷാജഹാന്‍റെ അറസ്റ്റിൽ പൊലീസ് നടപടിയെ ചോദ‍്യം ചെയ്തുകൊണ്ടായിരുന്നു കോടതി ജാമ‍്യം നൽകിയത്.
ഷാജഹാനെതിരേ കേസെടുത്ത് മൂന്നു മണിക്കൂറിൽ അറസ്റ്റുണ്ടായെന്ന് പറഞ്ഞ കോടതി ഷാജഹാനെ അറസ്റ്റ് ചെയ്യാൻ ചെങ്ങമനാട് സിഐയ്ക്ക് ആരാണ് അധികാരം നൽകിയതെന്ന് ചോദിച്ചു. എന്നാൽ സ്പെഷ‍്യൽ ഇൻവസ്റ്റിഗേഷൻ ടീമാണ് അറസ്റ്റ് ചെയ്തതെന്നായിരുന്നു പൊലീസിന്‍റെ വാദം.
ഇതേത്തുടർന്ന് പ്രത‍്യേക അന്വേഷണ സംഘത്തിന്‍റെ ഉത്തരവ് ഹാജരാക്കാൻ കോടതി ആവശ‍്യപ്പെട്ടു. കേസ് എടുത്തതിനു പിന്നാലെ മൂന്നു മണികൂറിൽ എങ്ങനെ തിരുവനന്തപുരത്ത് എത്തിയെന്നും ലൈംഗിക ചുവയുള്ള എന്തെങ്കിലും റിമാൻഡ് റിപ്പോർട്ടിൽ ഉണ്ടായിരുന്നോയെന്നും കോടതി ചോദിച്ചു.