തിരുവനന്തപുരം: കൊച്ചിയിലെ യുവനടിയുടെ ലൈംഗിക പീഡന പരാതിയില്‍ നടനും എംഎൽഎയുമായ മുകേഷിനെതിരായ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റ് തടഞ്ഞ് കോടതി. എറണാകുളം പ്രിന്‍സിപ്പൽ സെഷന്‍സ് കോടതിയുടേതാണ് ഉത്തരവ്. അടുത്ത 5 ദിവസത്തേക്ക് അറസ്റ്റ് പാടില്ലെന്നും മുന്‍കൂർ ജാമ്യാപേക്ഷയിൽ സെപ്റ്റംബർ 3ന് വിശദമായ വാദം കേൾക്കുമെന്നും കോടതി വ്യക്തമാക്കി. മുകേഷ് നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിലാണ് ഇപ്പോഴത്തെ നടപടി.
ജാമ്യമില്ലാ വകുപ്പ് പ്രകാരം കൊച്ചി മരട് പൊലീസാണ് മുകേഷിനെതിരെ കേസെടുത്തത്. ഐപിസി 376 (1) ബലാത്സംഗം, ഐപിസി 354 സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെ ബലപ്രയോഗം, ഐസിപി 452 അതിക്രമിച്ച് കടക്കല്‍, ഐപിസി 509 സ്ത്രീത്വത്തെ അപമാനിക്കുന്ന അംഗവിക്ഷേപം, വാക്കുകള്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.
അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങുമ്പോഴും മുകേഷ് നിലവിൽ എംഎൽഎ സ്ഥാനം രാജി വക്കേണ്ടതില്ലെന്നാണ് സിപിഎമ്മിന്‍റെ നിലപാട്. എന്നാൽ സിനിമാ നയ രൂപവത്കരണ സമിതി പുനഃസംഘടിപ്പിക്കുമ്പോള്‍ മുകേഷിനെ ഒഴിവാക്കുമെന്നും അറിയിച്ചു. പ്രതിപക്ഷത്തും 2 എംഎൽഎമാർ ആരോപണത്തിന് വിധേയരായിട്ടുണ്ട്. അവർ രാജിവയ്ക്കാത്ത പക്ഷം മുകേഷും രാജിവയ്ക്കേണ്ടതില്ലെന്നാണ് അവെയ്ലബിൾ സെക്കട്ടേറിയേറ്റ് യോഗത്തിന്‍റെ നിലപാട്. മുഖ്യമന്ത്രിക്ക് നൽകിയ വിശദീകരണത്തിൽ ഇത് ബ്ലാക്ക് മെയിലിങ്ങുമായി ബന്ധപ്പെട്ട കേസാണെന്നാണ് അറിയിച്ചത്. അതേസമയം, വിഷയത്തിൽ പരസ്യ പ്രതികരണത്തിന് മുകേഷ് ഇതുവരെ തയാറായിട്ടില്ല.