
കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് അറസ്റ്റ് ചെയ്ത് റിമാൻഡിലുള്ള മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ നൽകിയ ജാമ്യഹർജിയിൽ വിചാരണക്കോടതി വ്യാഴാഴ്ച വിധി പറയും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് കള്ളപ്പണ കേസ് പരിഗണിക്കുന്നത്.
ലൈഫ് മിഷൻ കേസിലെ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ശിവശങ്കറിന് ജാമ്യം നൽകുന്നത് കേസ് അന്വേഷണത്തെ ബാധിക്കുമെന്നുമാണ് ഇഡി വാദം. എന്നാൽ തനിക്കെതിരെയുള്ളതു മൊഴികൾ മാത്രമാണെന്നും തെറ്റായി പ്രതിചേർക്കുകയാണ് ചെയ്തതെന്നുമാണ് ശിവശങ്കർ പറയുന്നത്.
ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് ചെയ്ത ശിവശങ്കറെ ഇഡി 9 ദിവസം കസ്റ്റഡിയിൽ ചോദ്യം ചെയ്തിരുന്നു. അക്കൗണ്ടന്റ് വേണുഗോപാൽ അയ്യർ, ലൈഫ് മിഷൻ സിഇഒ ആയിരുന്ന യു.വി. ജോസ് എന്നിവരെ വിളിച്ചുവരുത്തി ഒപ്പമിരുത്തിയും ചോദ്യം ചെയ്തു.
ഇതിനു പിന്നാലെ, മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായ സി.എം. രവീന്ദ്രനെ ഇഡി വിളിപ്പിച്ചെങ്കിലും അദ്ദേഹം എത്തിയില്ല. നിയമസഭാ സമ്മേളനം നടക്കുന്നു എന്നായിരുന്നു കാരണം പറഞ്ഞത്. എന്നാൽ, വീണ്ടും സമൻസ് നോട്ടീസ് നൽകാൻ ഇഡി തീരുമാനിച്ചിട്ടുണ്ട്.