

കോട്ടയം: ചെക്ക് കേസില്‍ മാണി സി. കാപ്പന്‍ എംഎല്‍എയ്‌ക്കെതിരായ ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ് പിന്‍വലിച്ചു. മുംബൈ ബോറിവലി മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. മാണി സി. കാപ്പന്‍ തിങ്കളാഴ്ച കോടതിയില്‍ നേരിട്ടെത്തി അപേക്ഷ നല്‍കിയതിനെത്തുടര്‍ന്നാണ് കോടതി നടപടി.
നേരത്തെ കേസില്‍ വിധി പ്രസ്താവിക്കുന്ന സമയത്ത് കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്നാണ് കോടതി മാണി സി. കാപ്പനെതിരേ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. തനിക്കെതിരായ ശിക്ഷാ വിധിക്കെതിരേ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് മാണി സി. കാപ്പന്‍ വ്യക്തമാക്കി.
മുംബൈ വ‍്യവസായി ദിനേശ് മേനോന്‍റെ പരാതിയിലാണ് മുംബൈ ബോറിവാലി മജിസ്ട്രേറ്റ് കോടതി കാപ്പന് ഒരു വർഷം തടവും പിഴയും ശിക്ഷവിധിച്ചത്. കണ്ണൂർ വിമാനത്താവളത്തിൽ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് മാണി സി. കാപ്പനെതിരായ പരാതി. നാലു കേസുകളിലായി 5.3 കോടി രൂപ പലിശസഹിതം നഷ്ടപരിഹാരം നൽകണമെന്നായിരുന്നു കോടതി ഉത്തരവ്.